കക്കയം-തലയാട് റോഡിലെ ടാറിംഗ് തകർന്നു; പ്രതിഷേധവുമായി കോണ്ഗ്രസ്
1338359
Tuesday, September 26, 2023 12:32 AM IST
കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡിന്റെ നവീകരണ പ്രവൃത്തി നടത്തി മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ടാറിംഗ് തകർന്നു.
കക്കയം-തലയാട് റോഡിൽ കക്കയം മുതൽ കരിയാത്തുംപാറ വരെയുള്ള ഭാഗത്തെ ടാറിംഗാണ് പൊട്ടിപ്പൊളിഞ്ഞത്. ടാറിംഗ് പ്രവൃത്തിയിലെ അപാകതയാണ് ടാറിംഗ് പൊട്ടിപ്പൊളിയാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
പ്രവൃത്തി സമയത്ത് തന്നെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയത്തേക്കുള്ള പ്രധാന റോഡാണിത്. ടാറിംഗ് പ്രവൃത്തിയിലെ അപാകത പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കക്കയം കോണ്ഗ്രസ് വാർഡ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് കട്ടിക്കാന, ഡാർളി ഏബ്രഹാം, ജോണ്സണ് കക്കയം, കുഞ്ഞാലി കോട്ടോല, പത്രോസ് പന്നിവെട്ടുപറന്പിൽ, റോയി പുല്ലൻകുന്നേൽ, ചാക്കോച്ചൻ വല്ലയിൽ എന്നിവർ പ്രസംഗിച്ചു.