മറൈന്‍ വേള്‍ഡ് പ്രദര്‍ശനം: ഭീഷണിപ്പെടുത്തിയതിന് കേസെടുത്തു
1424959
Sunday, May 26, 2024 4:22 AM IST
കോഴിക്കോട്: സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന മറൈന്‍ വേള്‍ഡ് പ്രദര്‍ശനത്തിന്റെ സംഘാടകരെ ഭീഷണിപ്പെടുത്തുകയും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം രണ്ടുപേര്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു.
സിവില്‍ സ്റ്റേഷന് പാലാട്ട്താഴം സ്വദേശി അജയ്ലാല്, സിവില്‍ സ്റ്റേഷനു സമീപം താമസിക്കുന്ന സതീഷ്കുമാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടത്തിട്ടുള്ളതെന്ന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിക്യുഎഫ് ഏജന്‍സി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജാമ്യം ലഭിക്കാത്ത മൂന്നു വകുപ്പുകള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭീഷണിയെത്തുടര്‍ന്ന് ഹൈക്കോടതിയില്‍നിന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. എല്ലാ രേഖകളോടെയുമാണ് പ്രദര്‍ശനം നടത്തുന്നത്. ഇവര്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകും. പാര്‍ട്ണര്‍ സിദ്ദിഖ് മല്ലിശ്ശേരി, കാലിക്കറ്റ് ട്രേഡ് സെന്റര്‍ പ്രൊജക്ട് ഡയറക്ടര്‍ എം.പി. അന്‍ഷാദ്, ചലച്ചിത്രകാരന് കെ.ആര്. രാജേഷ്, കെ. അഫ്സല് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.