കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ പഠന സൗകര്യം; ജില്ലയിൽ സമ പദ്ധതിക്ക് തുടക്കമായി
1581527
Tuesday, August 5, 2025 8:01 AM IST
കൽപ്പറ്റ: കുടുംബശ്രീ അംഗങ്ങൾക്ക് പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ യോഗ്യതകൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സമ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പൊഴുതന ഗ്രാമപ്പഞ്ചായത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
പൊഴുതന ഗ്രാമപഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി അറുപതോളം കുടുംബശ്രീ അംഗങ്ങൾക്കാണ് സൗജന്യ പഠന സൗകര്യം ഒരുക്കുന്നത്. ഇതോടെ സമ പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപ്പഞ്ചായത്തായി മാറിയിരിക്കുകയാണ് പൊഴുതന.
സേവനമേഖലയിൽ ഉൾപ്പെടുത്തി 10 പുരുഷൻമാർക്കും പദ്ധതി മുഖേന സൗജന്യ പഠനാവസരം നൽകുന്നുണ്ട്. അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ചകളിലാണ് ക്ലാസുകൾ നടക്കുക. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ അധ്യാപകരാണ് പഠിപ്പിക്കുന്നത്.
ഗ്രാമപ്പഞ്ചായത്തിലെ മുതിർന്ന അംഗമായ 68 വയസുകാരൻ എം.എം. ജോസ് പത്താംതരം തുല്യതാ കോഴ്സിൽ പ്രവേശനം നേടി. പത്താംതരം തുല്യത, ഹയർസെക്കൻഡറി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർ പഠനത്തിനും അവസരമൊരുക്കും. പഠന കേന്ദ്രത്തിൽ പ്രവേശനം നേടാൻ താത്പര്യമുള്ളവർ 10നകം ഗ്രാമപ്പഞ്ചായത്തുമായി ബന്ധപ്പെടണം. പൊഴുതന ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ബി. ബാബു പാഠപുസ്തക വിതരണോദ്ഘാടനം നിർവഹിച്ചു.
അക്ഷര കൈരളി സാംസ്കാരിക വേദിയുടെ രൂപീകരണം ജില്ലാ പഞ്ചായത്ത് അംഗം എൻ.സി. പ്രസാദ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷാഹിന ഷംസുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.എം. ജോസ്, അബ്ദുൾ നാസർ കാതിരി, സാക്ഷരത മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, തുല്യതാ വിഭാഗം ഉദ്യോഗസ്ഥൻ പി.വി. ജാഫർ, പ്രേരക് ഇൻ ചാർജ് പി.സി. നിഷ എന്നിവർ പങ്കെടുത്തു.