ചീരാൽ മേഖലയിൽ വീണ്ടും കടുവ
1581529
Tuesday, August 5, 2025 8:01 AM IST
സുൽത്താൻ ബത്തേരി: ചീരാൽ നിവാസികൾക്ക് വീണ്ടും മറ്റൊരു ഭീഷണിയായി കടുവ രംഗത്ത്. ഇന്നലെ പകലാണ് കടുവ ചീരാലിനടുത്ത പണിക്കർപടിയിൽ പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസിയായ വാക്കടവത്ത് ജിതേഷാണ് ഇന്നലെ കടുവയെ നേരിട്ട് കണ്ടത്.
മകനെ രാവിലെ സ്കൂളിലാക്കി ഒന്‍പതോടെ വീട്ടിലേക്ക് തിരികെ വരുന്പോഴാണ് പട്ടേൽ ദിലീപിന്റെ തോട്ടത്തിൽ നിന്ന് കടുവ റോഡിലേക്ക് ചാടി സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് ഓടിമറയുന്നത് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി ടീമും പോലീസും സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്ത് കടുവയുടെ കാൽപാടുകൾ പതിഞ്ഞിട്ടുണ്ട്. ഇത് വനപാലകർ സ്ഥിരീകരിച്ചു.
ഡ്രോണ്‍ ഉപയോഗിച്ച് ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനപാലകർ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. കഴിഞ്ഞ രണ്ടര മാസമായി ചീരാൽ നന്പ്യാർകുന്ന് മേഖലയിൽ കടുവയുടെയും പുലിയുടെയും ശല്യം അതിരൂക്ഷമായി തുടരുകയാണ്.
പതിനെട്ട് വളർത്തുമൃഗങ്ങളെയാണ് ഇതിനകം പുലി ആക്രമിച്ചത്. പുലി ഭീതിയിൽ ജനങ്ങൾ പുറത്തിറങ്ങാൻ ഭയന്നിരിക്കുന്നതിനിടെയാണ് ഇന്നലെ കടുവയുടെ വരവ്.നാല് വർഷം മുന്‍പാണ് ചീരാൽ മേഖലയെ വിറപ്പിച്ചുകൊണ്ട് കടുവ മേഖലയിലെ ക്ഷീരകർഷകരുടെ പശുക്കളെ ആക്രമിച്ചത്. ചീരാലുകാർക്ക് ഇതുവരെ പുലിയായിരുന്നു ഭീഷണിയെങ്കിൽ ഇനി കടുവയേയും ഭയക്കേണ്ട അവസ്ഥയാണ്.