നല്ലൂർനാട് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കണം: ജില്ലാ ആസൂത്രണ സമിതി
1581528
Tuesday, August 5, 2025 8:01 AM IST
കൽപ്പറ്റ: നല്ലൂർനാട് കാൻസർ സെന്ററിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം മൂന്ന് ഷിഫ്റ്റുകളിലായി വിപുലീകരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം ആവശ്യപ്പെട്ടു.
ഡയാലിസിസ് സെന്ററിൽ പ്രതിമാസം 1500 ലധികം രോഗികളാണ് ചികിത്സയ്ക്കെത്തുന്നത്. യൂണിറ്റ് ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കിയാൽ കൂടുതൽ പേർക്ക് ചികിത്സ നൽകാൻ സാധിക്കുമെന്ന് ആസൂത്രണ സമിതി ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു. വിഷയത്തിൽ പ്രത്യേക പരിഗണന നൽകി ആവശ്യമായ നടപടി സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടു.
മഴക്കെടുതിയിൽ അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളിൽ ഷെൽട്ടർ ഹോം സ്ഥാപിക്കാൻ സിഎസ്ആർ ഫണ്ടിൽ നിന്നും ഓരോ പഞ്ചായത്തിനും മൂന്ന് കോടി രൂപ വീതം അനുവദിച്ചതായും തദ്ദേശ സ്ഥാപനങ്ങൾ അടിയന്തരമായി ഭൂമി കണ്ടെത്തി ഷെൽട്ടർ ഹോം നിർമാണം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യോഗത്തിൽ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ 15 ശതമാനം പദ്ധതി വിഹിതം മാറ്റിവയ്ക്കാനും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി, റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്ററുകൾ സ്ഥാപിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി സമർപ്പിക്കാനും യോഗം നിർദേശിച്ചു. യോഗത്തിൽ 31 തദ്ദേശ സ്ഥാപനങ്ങളുടെ 2025-26 വർഷത്തെ പദ്ധതികൾക്ക് അംഗീകാരം നൽകി.
അതിദാരിദ്ര മാലിന്യ നിർമാർജന വിജ്ഞാന കേരള പദ്ധതികൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പാക്കി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ പി.പി. അർച്ചന, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പ്രസാദൻ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, നഗരസഭാ അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.