തിളക്കമില്ലാതെ ഓണവിപണിയിലെ മണ്‍പാത്ര കച്ചവടം
1587269
Thursday, August 28, 2025 1:32 AM IST
കണ്ണൂര്‍: ഓണവിപണിയിലെ മണ്‍പാത്രങ്ങള്‍ക്ക് വില കുറവാണെങ്കിലും ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍. ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയം കോര്‍ണറിലും പോലീസ് മൈതാനിയിലും മണ്‍പാത്രവിപണി സജീവമായിട്ടുണ്ട്. വര്‍ഷംതോറും ഉത്പാദന ചെലവ് വര്‍ധിക്കുമ്പോഴും വില്പന കുറയുന്നത് ഈ മേഖലയെ തളര്‍ത്തുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ വടകരയില്‍ നിന്നുള്ള കച്ചവടക്കാരാണ് കൂടുതലും ജില്ലയില്‍ കച്ചവടത്തിനെത്തുന്നത്.
അറുപത് രൂപയ്ക്ക് തുടങ്ങി 500 രൂപ വരെ നല്‍കേണ്ട വ്യത്യസ്ത വലിപ്പമുള്ള കറിച്ചട്ടികള്‍ ഇവിടെ ലഭ്യമാണ്. 250 മുതല്‍ 300 രൂപവരേ വിലയുള്ള കൂജകളുമുണ്ട്. കലത്തിന് 250 രൂപ മുതലാണ് വില. കറി വെക്കുന്ന ചെറിയ ചട്ടികള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാര്‍ പറയുന്നു.
70 രൂപ മുതലാണ് ഇതിന്റെ വില. തുളസിച്ചട്ടി 500, ബുദ്ധ ശില്‍പ്പം 250 എന്നിവയും ആകര്‍ഷകമാണ്. ചീനച്ചട്ടി, പ്രതിമകള്‍, അടപ്പോടുകൂടിയ മണ്ച്ചട്ടികള്, വലിയ ഭരണി എന്നിവയും മണ്പാത്രവിപണിയില് ലഭ്യമാണ്. മുപ്പതു രൂപയ്ക്കുള്ള ചെറിയ കുടുക്കകളും വിറക് അടുപ്പും ഭരണിയുമെല്ലാം ആവശ്യക്കാര്‍ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് രൂപ മുതലുളള ചിരാതുകളും ഇവിടെയുണ്ട്. ശ്രീകൃഷ്ണ വിഗ്രഹങ്ങളും ഇവിടെയുണ്ട്.