കാറ്ററിംഗ് സ്ഥാപനത്തിൽനിന്ന് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് പിടികൂടി
1587271
Thursday, August 28, 2025 1:32 AM IST
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ മൊട്ടാന്പ്രത്ത് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്ന് ഒന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി.
25,000 രൂപ പിഴ ഈടാക്കി. ലിയ കാറ്ററിംഗ് സൊല്യൂഷൻസിൽ നിന്നാണ് നിരോധിച്ച ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടിയത്. കാരി ബാഗുകൾ, പ്ലാസ്റ്റിക് സ്പൂൺ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, സ്ട്രോ, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ വാഴയില, പ്ലാസ്റ്റിക് ടേബിൾ ഷീറ്റ്, ഒരു കെയ്സ് 300 മില്ലി ലിറ്റർ പ്ലാസ്റ്റിക് കുപ്പി വെള്ളം തുടങ്ങിയവയാണ് പിടികൂടിയത്. ഇവിടെ നിന്ന് രണ്ടാം തവണയാണ് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടുന്നത്. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി.അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, പി.എസ്.പ്രവീൺ, സി.കെ. ദിബിൽ, മാടായി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി എന്നിവരും പങ്കെടുത്തു.