കെഎസ്ഇബി തുടർനടപടി സ്വീകരിക്കാത്തതിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു
1587523
Friday, August 29, 2025 2:01 AM IST
ഇരിട്ടി: പാലത്തുംകടവിൽ ബാരാപോൾ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉത്പാദനം നിലച്ചിട്ട് മാസങ്ങൾ പിന്നിടുമ്പോഴും യാതൊരു തുടർനടപടികളും സ്വീകരിക്കാത്തതിൽ എകെസിസി കുന്നോത്ത് ഫൊറോന പ്രതിഷേധിച്ചു. വകുപ്പ് മന്ത്രിയും, ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കനാലിന്റെ ചോർച്ചയുടെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതാണ്.
ദുരന്തമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. താത്ക്കാലികമായി ഓട്ടയടച്ച് വൈദ്യുതി ഉത്പാദനം പുനരാരംഭിക്കാൻ കെഎസ്ഇബി കോപ്പുകൂട്ടിയാൽ അതിനെതിരേ സമര പരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ എകെസിസി കുന്നോത്ത് ഫൊറോന കച്ചേരിക്കടവിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
യോഗം കച്ചേരികടവ് വികാരി ഫാ. മാത്യു പൊട്ടംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് മാത്യു വള്ളോംകോട്ട് അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് തേനംമാക്കൽ, ബെന്നി പുതിയാംപുറം, അൽഫോൻസ് കളപ്പുര, ഷാജു ഇടശേരി, ഷിബു കുന്നപ്പള്ളി, ജോബിഷ് നരിമറ്റം, ബിജിനിത്ത് കുറുപ്പുംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.