ഓണം കളറാക്കാൻ കുടുംബശ്രീ
1587524
Friday, August 29, 2025 2:01 AM IST
കണ്ണൂര്‍: ഓണത്തിന് സദ്യയ്ക്കായി വിഷരഹിത പച്ചക്കറികളും പൂക്കളമിടാനുള്ള പൂക്കളും ഒരുക്കാനുള്ള തയാറെടുപ്പുകളുമായി കുടുംബശ്രീ. ഓണം വിപണി ലക്ഷ്യമാക്കി 5007 ജെഎല്‍ജി ഗ്രൂപ്പിലെ 17,571 മഹിളാ കര്‍ഷകര്‍ 1890 ഹെക്ടറിലാണ് വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തത്. 486.3 ഏക്കര്‍ സ്ഥലത്ത് പച്ചകറികള്‍, 420 ഏക്കറില്‍ ചേന, 221.5 ഏക്കറില്‍ ചേമ്പ്, 607.5 എക്കറില്‍ വാഴകൃഷി, 155.8 ഏക്കറില്‍ ഇഞ്ചി എന്നിവയാണ് കൃഷിചെയ്തത്.
ഇതില്‍ 202.5 ഏക്കറിലാണ് പൂക്കൃഷിയുള്ളത്. പച്ചമുളക്, വഴുതന, കക്കിരി, വെണ്ട, മത്തന്‍, തക്കാളി, പയര്‍, ചേന, ചേമ്പ്, കോവക്ക തുടങ്ങി എല്ലാവിധ പച്ചക്കറികളും കുടുംബശ്രീ അംഗങ്ങള്‍ ഒരുക്കി കഴിഞ്ഞു.
ചിലയിടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുന്‍പ് എല്ലായിടത്തും വിളവെടുപ്പ് പൂർത്തിയാക്കി ആവശ്യക്കാർക്ക് എത്തിക്കുമെന്ന് കുടുംബശ്രീ ഭാരവാഹികൾ പറഞ്ഞു. ഓണക്കനി എന്ന പേരിലാണ് പച്ചക്കറി കൃഷി നടത്തിയത്. ഓണം ലക്ഷ്യമിട്ട് പലയിടത്തുംഏപ്രിൽ അവസാനത്തോടെയും മേയ് ആദ്യവുമാണ് കൃഷി ആരംഭിച്ചത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ പലയിടത്തും പ്രതിസന്ധിക്കിടയാക്കിയതായി കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. മഴപെയ്താൽ പെട്ടന്ന് വെള്ളം കയറുന്ന പ്രദേശങ്ങളുണ്ടായിരുന്നു.
ഇവിടങ്ങളിലെ കൃഷി കുറെഭാഗം നശിച്ചു. അതിനാല്‍ എല്ലായിടത്തും പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ലെന്ന് കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. ജൈവ നഴ്സറിയില്‍ നിന്നുമാണ് കൃഷിക്കായുള്ള പച്ചക്കറി തൈകള്‍ എത്തിച്ചത്. ഓണകൃഷിയിലൂടെ ശുദ്ധമായ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. നിറപ്പൊലിമ എന്ന പേരിലാണ് കുടുംബശ്രീ പൂകൃഷി ഒരുക്കിയത്. ചെണ്ടുമല്ലി, വാടാര്‍ മല്ലി എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. ജില്ലാപഞ്ചായത്തില്‍ നിന്നും മറ്റുമാണ് പൂകൃഷിക്കുള്ള വിത്തുകള്‍ ശേഖരിച്ചത്.
വില്പന ഓണച്ചന്തകളില്‍
ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സിഡിഎസുകളിലും ഓണച്ചന്ത ആരംഭിക്കുന്നുണ്ട്. ഇതിലൂടെ പച്ചക്കറികള്‍ വില്പന നടത്തും. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവിലാണ് പച്ചക്കറി വില്പന നടത്തുക. ഇതിന് പുറമേ ഹോം ഷോപ്പ്, ആഴ്ച ചന്തകള്‍, ഓണം വിപണന മേളകള്‍ എന്നിവിടങ്ങളിലും പച്ചക്കറികള്‍ വില്പനക്കെത്തിക്കും.
ഓണത്തിന് മൂന്ന് ദിവസം മുമ്പാണ് പൂക്കള്‍ വിപണയിലെത്തുക. വിലക്കുറവില്‍ തന്നെയാണ് പൂക്കളും വില്പന നടത്തുക. ഇതിന് പുറമേ സംയോജിത കൃഷി ക്ലസ്റ്ററിന്റെ നേതൃതത്തില്‍ അരി, ചിപ്സ്, ന്യൂട്രി ബാറുകള്‍ തുടങ്ങിയ വിവിധ മൂല്യ വര്‍ധന ഉത്പനങ്ങളും വിപണിയിലെത്തിക്കും.