പോലീസിനു നേരെ കൈയേറ്റം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുത്തു
1587526
Friday, August 29, 2025 2:01 AM IST
മട്ടന്നൂർ: മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളജിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിനിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ആറ് ഡിവൈഎഫ് ഐ പ്രവർത്തകരുടെ പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം മട്ടന്നൂർ-മരുതായി റോഡിലായിരുന്നു സംഭവം.
കോളേജിൽ നിന്ന് മടങ്ങുന്ന കെഎസ്യു പ്രവർത്തകരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്ത കർ തടഞ്ഞുനിർത്തി ആക്രമിച്ചതായി കെഎസ്യു ആരോപിച്ചു.
തടയാനെത്തിയ പോലീസുകാരു മായും കൈയാങ്കളിയുണ്ടായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, എം. അശ്വന്ത്, സി.പി. റെജിൽ തുടങ്ങിയവരുടെ പേരിലാണ് കേസെടുത്തത്.
എയർപോർട്ട് സ്റ്റേഷനിലെ സിപിഒ എ.ടി. ഷനിത്തിന്റെ പരാതിയിലാണ് കേസ്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ചീത്തവിളിച്ചതിനുമാണ് കേസെടുത്തത്. 18 വർഷത്തിന് ശേഷം മട്ടന്നൂർ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു വിജയിച്ചതിൽ വിറളിപൂണ്ടാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ്യു ആരോപിച്ചു.