ഇൻഡോർ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യൻ ടീമിൽ രണ്ട് കണ്ണൂർ സ്വദേശികൾ
1587535
Friday, August 29, 2025 2:01 AM IST
കണ്ണൂർ: അടുത്ത മാസം 27 മുതൽ ഒക്ടോബർ നാലു വരെ ശ്രീലങ്കയിൽ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ കണ്ണൂരിൽ നിന്ന് രണ്ടുപേർ. കണ്ണൂർ മുഴപ്പിലങ്ങാട് മൊയ്തുപാലത്തിനടുത്ത ഗ്രീഷ്മത്തിൽ എൻ. ഇസ്മായിൽ- വി.ഖദീജ ദന്പതികളുടെ മകനായ നംഷീദ് വയപ്രത്ത്, മേലൂർ പാറപ്രം ബൈത്തുൽ ഫാത്തിമയിൽ പി.പി. മൊയ്തു- ഹസീന ദന്പതികളുടെ മകൻ മൊഹ്സിൻ നടമ്മൽ എന്നിവരാണ് ദേശീയ ടീമിൽ ഇടം നേടിയവർ.
ഇന്ത്യൻ ടീമിന്റെപരിശീലന ക്യാമ്പ് സെപ്റ്റംബർ 10 മുതൽ 23 വരെ ബംഗളൂരുവിൽ നടക്കും. ദൈവിക് റായിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ഒന്പത് രാജ്യങ്ങൾ പങ്കെടുക്കുന്ന ഇൻഡോർ ടൂർണമെന്റിൽ. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ശ്രീലങ്ക,സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, യുഎസ്എ, യുഎഇ ,സിംഗപ്പൂർ എന്നീ ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടും.
പോയിന്റ് നിലയിൽ ഏറ്റവും മുന്നിലുള്ള നാല് ടീമുകൾ പ്ലേ ഓഫിൽ മത്സരിക്കും. എട്ട് ഓവറാണ് മത്സരം.
2022 ൽ ഓസ്ട്രേലിയയിൽ നടന്ന വേൾഡ് കപ്പിൽ ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.അന്ന് പ്ലേ ഓഫിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു. ഓസ്ട്രേലിയയാണ് അന്ന് ചാമ്പ്യന്മാരായത്. 2022ലെ വേൾഡ് കപ്പിൽ 19 വിക്കറ്റ് വീഴ്ത്തി നംഷീദ് ആ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു. വലം കൈയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കൈയൻ പേസ് ബൗളറുമാണ് നംഷീദ് വിക്കറ്റ് കീപ്പർ കൂടിയാണ്.
മുൻ കണ്ണൂർ യൂണിവേഴ്സിറ്റി ബാസ്കറ്റ് ബോൾ,ഹോക്കി, ഹാൻഡ്ബോൾ ടീമംഗമായിരുന്നു. തലശേരിയിൽ സാൻ സ്പോർട്സ് എന്ന സ്പോർട്സ് കടയുടെ ഉടമയാണ് നംഷീദ്. അഫ്രീന റസ്മിയാണ് ഭാര്യ. സിദാൻ, മെഹ്സ എന്നിവർ മക്കളാണ്. ദുബായ് എജിഎസ് ലോജിസ്റ്റിക്സിൽ ട്രാൻസ്പോർട്ട് കോ -ഓർഡിനേറ്ററായി ജോലി ചെയ്യുകയാണ് ബിരുദധാരിയായ മൊഹസിൻ.