ക്രാന്തദര്‍ശിയായ മാർ ലോറൻസ് മുക്കുഴി
1587536
Friday, August 29, 2025 2:01 AM IST
ബൽത്തങ്ങാടി: 1999 ഓഗസ്റ്റ് നാലിനാണ് കര്‍ണാടകയില്‍ സീറോ മലബാര്‍ സഭയുടെ ആദ്യത്തെ രൂപത പിറന്നത്. പ്രഥമ ഇടയനായി അഭിഷിക്തനായ ദിവസം മാർ ലോറന്‍സ് മുക്കുഴി ഇടറുന്ന കണ്ഠത്തോടെ ഇങ്ങനെ പറഞ്ഞു: "എന്റെ ജീവനും ജീവിതവും ഈ രൂപതയ്ക്ക്വേണ്ടി സമര്‍പ്പിക്കുന്നു..' അന്നുമുതല്‍ രൂപതയ്ക്കു വേണ്ടി ജീവിച്ച പുണ്യപുരുഷനായിരുന്നു മാര്‍ ലോറന്‍സ് മുക്കുഴി. കുടിയേറ്റക്കാരുടെ സ്വപ്നത്തിനൊപ്പം ബല്‍ത്തങ്ങാടി രൂപയെ പടുത്തുയർത്തുകയും കാൽനൂറ്റാണ്ടിലേറെ വിശ്വാസവഴിയിൽ ധീരമായി നയിക്കുകയും ചെയ്തശേഷം നല്ലിടയൻ സംതൃപ്തിയോടെ വിശ്രമജീവിതത്തിലേക്ക് വഴിമാറുകയാണ്.
ഇടയനായി ചുമതലയേറ്റതു മുതല്‍ ഏല്പിച്ച ദൗത്യം എങ്ങനെ വിശ്വസ്തതയോടെ വിജയത്തിലെത്തിക്കാമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. അരമന ചാപ്പലിന്റെ സൈഡിലുള്ള ഓഫീസ്മുറിയിലിരുന്ന് ഓരോ തീരുമാനം എടുക്കുമ്പോഴും ചാപ്പലിന്റെ ഒരു ജനല്‍ പാളിതുറന്ന് സക്രാരിയിലെ തമ്പുരാനോട് ആലോചിച്ച് തീരുമാനമെടുക്കുന്ന ഒരു ശൈലിയായിരുന്നു മാർ മുക്കുഴിയുടേയത്.
"സ്നേഹിക്കാനും സേവിക്കാനും' എന്ന തന്റെ ആദര്‍ശവാക്യം നെഞ്ചിലേറ്റി, 25 വര്‍ഷം കഴിയുമ്പോള്‍ രൂപത എങ്ങനെയായിരിക്കുമെന്ന് ഒരു സാമൂഹ്യശാസ്ത്ര വിശാരദന്റെ വീക്ഷണത്തോടെ പദ്ധതികള്‍ക്ക് രൂപം കൊടുത്തു. രൂപതയെ പടുത്തുയര്‍ത്തുന്നതില്‍ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് രൂപതയ്ക്ക് ഇത്രയുംവലിയ നേട്ടങ്ങളുണ്ടായത്.
രൂപതയ്ക്കു ചേര്‍ന്ന ഇടയന്
കര്‍ണാടകയുടെ മണ്ണില്‍ കടമ്പ താലൂക്കില്‍ ഹൊസ്മഠ എന്ന സ്ഥലത്താണ് മാർ ലോറൻസ് മുക്കുഴി ജനിച്ചത്. പിന്നീട് സുള്ള്യക്കടുത്ത് അറന്തോട് എന്ന സ്ഥലത്തേക്ക് കുടുംബം താമസംമാറ്റി. സുള്ള്യ പള്ളിയുമായുള്ള ബന്ധം അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. കര്‍ണാടകയിലെ എല്ലാ ലത്തീന്‍ രൂപതകളുമായി പിതാവിന് നല്ല ബന്ധമുണ്ട്. കന്നഡയും ഇംഗ്ലീഷും സ്കൂള്‍ വിദ്യാഭ്യാസകാലത്ത് സ്വായത്തമാക്കി. തുളുനാടിന്റെ സംസ്കാരം കണ്ട് വളര്‍ന്നു. തുളു, കൊങ്കിണി തുടങ്ങിയ നാട്ടുഭാഷകളിലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി. ഈ ഭാഷാ സമ്പത്ത് കര്‍ണാടകയിലെ ഇടയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ സഹായകമായി. സീറോ മലബാര്‍ സഭയില്‍ പ്രസം
ഗ പാടവമുള്ള മെത്രാന്മാരിൽ മുന്‍നിരയിലാണ് മാർ ലോറന്‍സ് മുക്കുഴി.
വൈദികരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പിതൃപുത്ര ബന്ധത്തിന് സമാനമായിരുന്നു. അതുപോലെ രൂപതയിലുള്ള ബഹുഭൂരിപക്ഷം ആള്‍ക്കാരേയും അറിയാം. രൂപതയിലെ പല ഇടവകകളിലും അച്ചനായിരുന്നപ്പോൾ വികാരിയായിരുന്നിട്ടുണ്ട്. എല്ലാ ഇടവകകളിലും ഇടയനടുത്ത സന്ദര്ശനത്തിനായിരണ്ടും മൂന്നും തവണ പോയിട്ടുണ്ട്. ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ബൽത്തങ്ങാടിയുടെ പ്രഥമ മെത്രാന് കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. കര്‍ണാടക ഫോറസ്റ്റിനടുത്ത് താമസിക്കുന്ന കര്‍ഷകരെ ഇറക്കിവിടാന്‍ ശ്രമമുണ്ടായപ്പോള്‍ 2002-ല്‍ ബല്‍ത്തങ്ങാടിയില്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് മാർ ലോറന്‍സ് മുക്കുഴിയായിരുന്നു.
മതസൗഹാര്‍ദ്ദത്തിന്റെ പിതാവ്
വൈദികരുടെ സമ്മേളനത്തില്‍ പിതാവ് ആവര്‍ത്തിച്ച് പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ അച്ചന്മാരായിരിക്കുന്നത് ഇടവകക്കാര്ക്കുവേണ്ടി മാത്രമല്ല, നിങ്ങളുടെ ഇടവകാതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന മറ്റ് മതസ്ഥര്ക്കുംവേണ്ടി കൂടിയാണ് എന്ന്. രൂപതാതലത്തില്‍ 'മതസൗഹാര്‍ദ്ദ വേദികെ' എന്ന ഒരു കൂട്ടായ്മ പിതാവിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. എല്ലാ വര്‍ഷവും ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോട് അനുബന്ധിച്ച് നടത്തുന്ന 'ശാന്തിഗാഗി നടിഗെ' എന്ന ബോധവത്കരണയാത്ര മറ്റ് മതസ്ഥരെ കൂട്ടിയിണക്കിക്കൊണ്ടുള്ള പിതാവിന്റെ പ്രവര്‍ത്തന ശൈലിയുടെ ഒരുദാഹരണം മാത്രമാണ്.
ഇടവക സന്ദര്‍ശനത്തിന് വരുമ്പോള്‍ ഇടവകയിലേയും സമീപ പ്രദേശങ്ങളിലേയും മറ്റുമതങ്ങളിലെ തലവന്മാരും ജനപ്രതിനിധികളുമായി സംവദിക്കുന്നതും പതിവായിരുന്നു.
വികസനത്തിന്റെ പാതയില്‍
സൗത്ത്കാനറ മിഷന് രൂപതയായിമാറിയപ്പോള് വെറും 26 ഇടവകകള്‍ മാത്രമാണുണ്ടായിരുന്നത്. മിഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ബൽത്തങ്ങാടിയില്‍ ഒരു ചെറിയകെട്ടിടവും ഉണ്ടായിരുന്നു. ഈ കെട്ടിടത്തിലായിരുന്നു പിതാവിന്റെ താമസവും സെമിനാരിക്കാരുടെ പരിശീലനവും രൂപതയുടെ അജപാലന കേന്ദ്രവും. ഇപ്പോഴുള്ള അജപാലന കേന്ദ്രമായ ജ്ഞാനനിലയ പിതാവിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
രൂപതയ്ക്ക് സ്ഥായിയായ ഒരു വരുമാനം ഉണ്ടാകുന്നതിന് വേണ്ടി ഹെബ്രിയില്‍ 72 ഏക്കര്‍ സ്ഥലം കൃഷി ലോണെടുത്ത് വാങ്ങി. ഇവിടെ റബ്ബര്‍ കൃഷിചെയ്തു. റബ്ബറിന്റെ വിലയിടിവ് കാരണം പ്രതീക്ഷിച്ചത്ര വരുമാനം അവിടെനിന്ന് ലഭിക്കുന്നില്ല. തദ്ദേശീയരായ വൈദികരെ വേണമെന്ന ലക്ഷ്യത്തോടെ പുത്തൂര്‍ മുക്രംപാടിയില്‍ 'സാന്തോം ഗുരുമന്ദിര' എന്ന പേരില്‍ മനോഹരമായ ഒരു സെമിനാരികെട്ടിടം 2005- ല്‍ ആശീര്‍വദിച്ചു.
ബല്‍ത്തങ്ങാടി ഇടവക പള്ളി ഓടിട്ട ഒരു ചെറിയ കെട്ടിടമായിരുന്നു. ഇന്ന് കാണുന്ന ശില്പഭംഗിയുള്ള ദേവാലയം 2007- ല്‍ ദൈവമഹത്വത്തിനായി പ്രതിഷ്ഠിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗം ശക്തിപ്പെടുത്തി. ഒരു മെത്രാസന മന്ദിരം പണിയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം മാറ്റിവച്ചിരിക്കുകയാണ്. എങ്കിലും രോഗികളായ വൈദികര്‍ക്കും വിരമിക്കുന്ന വൈദികര്‍ക്കും വേണ്ടി പിതാവിന്റെ കരുതലായി 'വിയാനി ഹോം' പണി നടക്കുന്നു.
ഉപരിവിദ്യാഭ്യാസരംഗത്ത് ചുവടുറപ്പിക്കാന്‍ കര്‍ണാടക കാത്തലിക് എഡ്യൂക്കേഷണല്‍ ആൻഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ നഴ്സിംഗ് സ്കൂളും ബിരുദകോഴ്സുകളും ആരംഭിച്ചു. ഇന്ന് 8 ഫൊറോനകളിലായി 55 ഇടവകകളും 11 സ്റ്റേഷന് പള്ളികളുമുണ്ട്. രൂപതയായതിനുശേഷം ചെറുതും വലുതുമായ 41 ദേവാലയങ്ങള്‍ ഇടവകക്കാരുടേയും രൂപതയുടേയും സഹായത്തോടെ നിർമിച്ചു.
മൂന്നു ദേവാലയങ്ങളുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 25 വര്‍ഷത്തിനിടക്ക് 31 വൈദികമന്ദിരങ്ങളും, പാരിഷ്ഹാള്‍, സൺഡേ സ്കൂള്‍ മുതലായവ 22 എണ്ണവും ധാരാളം പുതിയമഠങ്ങള്, പ്ലേ സ്കൂള്‍, നഴ്സറി സ്കൂള്‍, പ്രൈമറി സ്കൂള്‍ എന്നിവയും സന്യാസ ഭവനങ്ങളും രൂപതയുടെ വളര്‍ച്ചയിലെ പടവുകളാണ്.