പട്ടാപ്പകൽ വീടിനുള്ളിൽ കാട്ടുപന്നി; ഫർണിച്ചറുകൾ നശിപ്പിച്ചു
1592512
Thursday, September 18, 2025 1:51 AM IST
കമ്പിൽ: പട്ടാപ്പകൽ വീടിനുള്ളിൽ കയറി കാട്ടുപന്നിയുടെ പരാക്രമം.പറശിനിക്കടവ് വിസ്മയ പാർക്കിന് സമീപം കള്ളുഷാപ്പ് ജീവനക്കാരനായ നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തെ അനിലിന്റെ വീടിനകത്താണ് കാട്ടുപന്നി കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
കുടുംബശ്രീക്കാർ വന്ന് പോയപ്പോൾ ഗേറ്റ് അടച്ചിരുന്നില്ല. റോഡിന് അപ്പുറത്ത് നിന്ന് കുതിച്ചെത്തിയ കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു.അനിലിന്റെ അമ്മ ചന്ദ്രിക അടുക്കള ഭാഗത്തും ഭാര്യ രജിത ബെഡ് റൂമിലുമാണ് ഉണ്ടായിരുന്നത് അനുജന്റെ ഭാര്യ ബഹളംവച്ചതിനെ തുടർന്ന് കാട്ടുപന്നി മുൻവാതിൽവഴി കാട്ടിലേക്ക് ഓടി കയറി.വീടിനകത്ത് കയറിയ കാട്ടുപന്നി വീട്ടിലെ സാധനങ്ങൾ നശിപ്പിച്ചു. ഷെൽഫ്, ടീപ്പോ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
വീട്ടിനകത്തെ സോഫ മറിച്ചിട്ടു. ഭാര്യ രജിത മുറിയിലായതിനാൻ ആളപായം ഒഴിവായി. വിവരമറിഞ്ഞ് വാർഡ് മെംബർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. നാറാത്ത് പഞ്ചായത്ത് അധികൃതരും വീട് സന്ദർശിച്ചു. നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നെൽവയലുകളിൽ മാത്രമുണ്ടായിരുന്ന കാട്ടുപന്നി വീടിനകത്തേക്ക് ഓടിക്കയറിയത് ആദ്യ സംഭവമാണ്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.