ഓണ്‍ലൈന്‍ ട്രേഡിംഗ്: 42.41 ലക്ഷം തട്ടിയ ആന്ധ്രാ സ്വദേശി പിടിയില്‍
1592517
Thursday, September 18, 2025 1:51 AM IST
കാസര്‍ഗോഡ്: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ കാസര്‍ഗോഡ് സ്വദേശിയുടെ 42,41,000 രൂപ തട്ടിയെടുത്ത ആന്ധ്രാ സ്വദേശി അറസ്റ്റില്‍. വിജയവാഡ കൃഷ്ണ ചന്ദ്രപാടലു സ്വദേശി വടലമുടി ഫണികുമാറിനെയാണ് കാസര്‍ഗോഡ് സൈബര്‍ പോലീസ് പിടികൂടിയത്. പരാതിക്കാരനായ പുത്തിഗെ അംഗടിമൊഗര്‍ സ്വദേശിയെ വാട്സാപ്പ് വഴി പരിചയപ്പെട്ട് അമിതലാഭ വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ധനി ടിആര്‍ഡി എന്ന വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചായിരുന്നു പണം തട്ടിയത്. ഏപ്രില്‍ നാലു മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ പലതവണയായാണ് തട്ടിപ്പ് നടത്തിയത്.
പ്രതിയെ അന്വേഷിച്ച് അന്വേഷണസംഘം ആന്ധ്രയില്‍ എത്തുകയും അന്വേഷണത്തില്‍ ഇയാള്‍ ഒന്നേമുക്കാല്‍ കോടി തട്ടിയെടുത്ത മറ്റൊരു തട്ടിപ്പ് കേസില്‍ അനന്തപുര പോലീസ് പിടികൂടിയിലായതായി അറിഞ്ഞു. കൂടാതെ ഹൈദരാബാദ് ഗച്ചിബോളി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ മറ്റൊരു കേസിലും പ്രതിയാണെന്നും ഈ കേസില്‍ തെലങ്കാന സംഘറെഡ്ഡി ജയിലില്‍ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസ്ഐ രവീന്ദ്രന്, എഎസ്ഐ രഞ്ജിത്കുമാര്‍, പ്രശാന്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീഷ്, സിപിഒ വിപിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.