മോതിരം വാങ്ങാനെത്തി മാലയുമായി കടന്ന യുവതി പോലീസ് പിടിയിൽ
1592518
Thursday, September 18, 2025 1:51 AM IST
മാഹി: ജ്വല്ലറിയിൽ മോതിരം വാങ്ങാനെത്തി സ്വർണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ധർമടം നടുവിലത്തറ എൻ. ആയിഷയാണ് (41) മാഹി പോലീസിന്റെ പിടിയിലായത്. മാഹി ബസിലിക്കയ്ക്കു സമീപത്തെ ശ്രീലക്ഷ്മി ജ്വല്ലറിയിൽ ഇക്കഴിഞ്ഞ 12 നായിരുന്നു സംഭവം. മോതിരം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവതി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്നു ഗ്രാം തൂക്കമുള്ള സ്വർണമാല കൈയിലാക്കി കടന്നു കളയുകയായിരുന്നു.
ജ്വല്ലറി ഉടമ പിലാക്കണ്ടി ശൈലേഷിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഴിയൂരിലെ ക്വാർട്ടേഴ്സിൽനിന്ന് യുവതിയെ പിടികൂടിയത്.
കുഞ്ഞിപ്പള്ളിയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണവും പോലീസ് കണ്ടെടുത്തു.മാഹി സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐ വളവിൽ സുരേഷ്, എഎസ്ഐ സി.വി. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.