കരിസ്മാറ്റിക് ജൂബിലി തിരി പൊട്ടംപ്ലാവ് പള്ളിയിൽ
1592531
Thursday, September 18, 2025 1:51 AM IST
പൊട്ടംപ്ലാവ് : കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിസ്മാറ്റിക് ചെമ്പേരി സബ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൂബിലി തിരി പ്രയാണം പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളിയിലെത്തി.
സിസ്റ്റർ ലീമ റോസ്, സൺഡേ സ്കൂൾ മുഖ്യാധ്യാപക ബെറ്റി സെബാസ്റ്റ്യൻ, പാരിഷ് ട്രസ്റ്റി ദേവസ്യ കിഴക്കനാത്ത്, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് കരിസ്മാറ്റിക് ചെമ്പേരി സബ്സോൺ കോ ഓർഡിനേറ്റർ വിൻസന്റ് മായയിൽ നിന്ന് ജൂബിലി തിരി ഏറ്റുവാങ്ങി. 20 ന് രാവിലെ 9.30ന് ജപമാല പ്രാർഥന, സ്തുതി ആരാധന എന്നിവയ്ക്ക് ശേഷം വികാരി ഫാ. വർഗീസ് കളപ്പുരയ്ക്കൽ ജൂബിലി തിരിതെളിച്ച് ആമുഖ സന്ദേശം നൽകും. തുടർന്ന് വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കും. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം ജൂബിലി തിരി പൊന്മല സെന്റ് ജോസഫ്സ് പള്ളിയിലേക്ക് എത്തിക്കും.