മദ്യക്കുപ്പികൾക്ക് മുന്നിൽ ഓടക്കുഴൽ: സിപിഎം പ്രവർത്തകനെതിരേ കേസ്
1592519
Thursday, September 18, 2025 1:51 AM IST
ഇരിട്ടി: കണ്ണന് ബോധം തെളിയുമ്പോൾ ബാറിൽ മറന്നുപോയ ഓടക്കുഴൽ എടുക്കാൻ അറിയിക്കുക എന്ന അടിക്കുറിപ്പോടെ ബാറിൽ മദ്യക്കുപ്പികൾക്കിടയിൽ ഓടക്കുഴൽ വച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സിപിഎം പ്രവർത്തകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.
മുഴക്കുന്ന് വട്ടപ്പൊയിലിലെ ശരത്ത് വട്ടപ്പൊയിലിനെതിരെയാണ് കേസ്. ശ്രീകൃഷ്ണ ജയന്തി ദിവസമാണ് സംഭവം. കാക്കയങ്ങാട് ടൗണിന് സമീപം പ്രവർത്തിക്കുന്ന ബാറിൽ മദ്യക്കുപ്പികൾ വച്ച ഷെൽഫിന് മുന്നിൽ മേശപ്പുറത്ത് ഓടക്കുഴൽ വച്ച് ശരത് എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. പാലപ്പുഴ സ്വദേശി ടി. അനിലാണ് ശരത്തിനെതിരെ പോലീസിൽ പരാതി നൽകിയത്.
പോലീസ് നടത്തിയ പരിശോധനയിൽ ഓടക്കുഴൽ കൊണ്ടുവച്ചത് ശരത്ത് തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ശരത് ഒളിവിലാണ്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കലാപവും ഉണ്ടാക്കുകയെന്ന ലക്ഷത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.