ഓസോൺ ദിനാചാരണം നടത്തി
1592534
Thursday, September 18, 2025 1:51 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ അന്താരാഷ്ട്ര ഓസോൺ ദിനാചരണം, ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ " സൈഫീസ്റ്റാ 2025-26' ഉദ്ഘാടനം എന്നിവ സംയുക്തമായി കോളേജ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്നു. പ്രമുഖ അറ്റ്മൊസ്ഫെറിക് ശാസ്ത്രജ്ഞനും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിലെ പ്രഫസറുമായ ഡോ.എം.കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. അധ്യാപക വിദ്യാർഥി കെ.കെ.ശ്രേയ ആമുഖ പ്രഭാഷണം നടത്തി. " ഓസോണിന്റെ ഡ്യൂവൽ റോൾ ' എന്ന വിഷയത്തിൽ സ്ട്രാറ്റോസ്ഫെറിക് ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ട്രോപോസ്ഫെറിക് ഓസോണിന്റെ ദൂഷ്യങ്ങളും ഡോ.സതീഷ് വിശദീകരിച്ചു. തുടർന്ന് അധ്യാപക വിദ്യാർഥി ആര്യ മുകുന്ദൻ ചൊല്ലിക്കൊടുത്ത ഓസോൺ സംരക്ഷണ പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.വീണ അപ്പുക്കുട്ടൻ, യൂണിയൻ ചെയർപേഴ്സൺ കെ.അരുൺ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ സി.വി.ആര്യ എന്നിവർ പ്രസംഗിച്ചു.
കോളജ് കാമ്പസിൽ വൃക്ഷ തൈകൾ നട്ടു. ഫിസിക്കൽ സയൻസ് വിദ്യാർഥികൾ തയാറാക്കിയ " ഹീൽ ദി ഓസോൺ, ഹീൽ ദി എർത്ത് ' എന്ന ഡോക്യൂമെന്ററിപ്രദർശനവും പരിസ്ഥിതി സംരക്ഷണം ആസ്പപദമാക്കി വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരവും നടന്നു. യുനെസ്കോയുടെ വിദ്യാഭ്യാസ ഹരിതവത്കരണ കൂട്ടായ്മയിൽ അംഗത്വം നേടിയ കലാലയം എന്ന നിലയിൽ " പരിസ്ഥിതി സംരക്ഷകരായ അധ്യാപകർ' എന്ന ലക്ഷ്യത്തിനും കോളജ് മുൻഗണന നൽകുന്നുണ്ട്. കോളജിന്റെ ഓസോൺ ദിനാചാരണ പ്രവർത്തനങ്ങൾക്ക് യുഎൻ ഓസോൺ സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ.മേഗുമി സെകി ആശംസകൾ അറിയിച്ചു.