ലഹരിക്കെതിരേ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹനടത്തം നാളെ കണ്ണൂരിൽ
1592515
Thursday, September 18, 2025 1:51 AM IST
കണ്ണൂർ: കേരളത്തിൽ പടരുന്ന മാരകമായ രാസലഹരിക്കെതിരേ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് എന്ന പ്രമേയത്തിലുള്ള സമൂഹ നടത്തം നാളെ കണ്ണൂരിൽ നടക്കും. നാളെ രാവിലെ 6.15 ന് കണ്ണൂർ വിളക്കുംതറ പ്രഭാത് ജംഗ്ഷന് സമീപത്തുനിന്നും നടത്തം ആരംഭിക്കും. തുടർന്ന് കളക്ടറേറ്റിനടുത്ത ഗാന്ധി സർക്കിളിൽ ലഹരി വിരുദ്ധ പ്രതിഞ്ജയെടുക്കും.
പ്രൗഡ് കേരളയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം, തൃശൂർ ജില്ലാ ആസ്ഥാനങ്ങളിൽ നടത്തിയ സമൂഹ നടത്തിത്തിന്റെ തുടർച്ചയായാണ് കണ്ണൂരിലും പരിപാടി സംഘടിപ്പിക്കുന്നത്.
ജനപ്രതിനിധികൾ, വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യ-ലഹരി വിരുദ്ധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ, ആത്മീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങിയവർ പങ്കാളികളാകുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ലഹരിയെന്ന മഹാവിപത്തിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ചേർത്തു നിർത്തിയുള്ള പോരാട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമൂഹ നടത്തം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.