അകാലത്തിൽ പൊലിഞ്ഞത് എസ്പിജിയിലെ അഭിമാനം
1592520
Thursday, September 18, 2025 1:51 AM IST
ചിറ്റാരിക്കാൽ: രാജസ്ഥാനിൽ കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച ഷിൻസ് തലച്ചിറ (45) നാടിനാകെ അഭിമാനം പകർന്ന സൈനികനായിരുന്നു. ഒന്പതു വർഷമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക സംരക്ഷണ സേനയിലെ (എസ്പിജി) അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.
23 വർഷമായി സൈനികസേവനം അനുഷ്ഠിക്കുന്ന ഷിൻസിനെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് എസ്പിജിയിലേക്ക് തെരഞ്ഞെടുത്തത്. ഒരുമാസം മുമ്പാണ് എസ്പിജിയിലെ സേവനകാലാവധി പൂർത്തിയാക്കി രാജസ്ഥാനിലേക്ക് മാറിയത്. ചൊവ്വാഴ്ച ജോലിസ്ഥലത്തുനിന്നും താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.ഷിൻസിന്റെ മൃതദേഹം സൈനിക നടപടിക്രമങ്ങൾക്കുശേഷം നാളെ പുലർച്ചെ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. രാവിലെ ഒന്പതു മുതൽ 10.30 വരെ മണക്കടവിലുള്ള വീട്ടിൽ പൊതുദർശനം.
തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയോടെ മണ്ഡപം സെന്റ് ജോസഫ്സ് പള്ളിയിൽ എത്തിച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കും. മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടി- ഗ്രേസിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ ജെസ്മി മണക്കടവിൽ നഴ്സാണ്. മക്കളായ ഫിയോണയും ഫെബിനും മണക്കടവ് ശ്രീപുരം സ്കൂൾ വിദ്യാർഥികളാണ്. കർണാടകയിൽ അധ്യാപികയായ ഷൈൻ, കാനഡയിലുള്ള ഷെറിൻ, അബുദാബിയിലുള്ള ഷിബിൻ എന്നിവർ സഹോദരങ്ങളാണ്.