മരക്കാർകണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള ടെൻഡറിന് കോർപറേഷൻ കൗൺസിൽ അംഗീകാരം
1592521
Thursday, September 18, 2025 1:51 AM IST
കണ്ണൂർ: കോർപറേഷൻ നാലു ഡിവിഷനുകളെ ഉൾപ്പെടുത്തി മരക്കാർ കണ്ടി ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനുള്ള ടെൻഡറിന് കൗൺസിൽ യോഗം അംഗീകാരം നൽകി. ഡിബിഒടി അടിസ്ഥാനത്തിലാണ് പ്രവൃത്തി നടത്തുക. ടെൻഡർ എടുത്ത ഏജൻസി പ്രദേശത്തിന് അനുയോജ്യമായ ഡിസൈൻ തയാറാക്കി സമർപ്പിക്കണം.
അതുകൂടി പരിശോധിച്ച് നിർമാണാനുമതി നൽകും. കേരള അർബൻ കോൺക്ലേവ് നടത്തിപ്പിന് ആവശ്യപ്പെട്ട 20 ലക്ഷം നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കോർപറേഷൻ ആവശ്യപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാൻ സർക്കാർ തയാറല്ല. പല തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ പദ്ധതികളെപ്പറ്റി പഠിക്കുന്നതിന് പഠനയാത്രകൾ നടത്തുന്നതിന് സർക്കാർ ചെലവ് സഹിതം അനുമതി നൽകുമ്പോൾ കണ്ണൂർ കോർപറേഷൻ കൗൺസിലർമാർക്ക് പഠനയാത്രക്കുള്ള പ്രൊപോസലുകൾ നിരവധി തവണ സമർപ്പിച്ചെങ്കിലും എല്ലാം തള്ളുകയായിരുന്നു.
ജീവനക്കാരുടെ ഒഴിവുകൾ പോലും നികത്തുന്നതിന് എത്രയോ തവണ അപേക്ഷിച്ചിട്ടുള്ളതാണ്. ആയതിന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് മേയർ പറഞ്ഞു. കോർപറേഷൻ പരിധിയിൽ വിവിധ കാലയളവിൽ സ്ഥാപിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും പരിപാലിക്കുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുന്നതിന് തീരുമാനിച്ചു.
എംഎൽഎ ഫണ്ടുപയോഗിച്ച് പല വാർഡുകളിലും പ്രവർത്തികൾ ടെൻഡർ ചെയ്തെങ്കിലും ഫണ്ട് ലഭിക്കില്ലെന്ന കാരണത്താൽ കരാറുകാർ ഏറ്റെടുക്കുന്നില്ലെന്നും കൗൺസിലർമാർ പരാതിപ്പെട്ടു. വർഷങ്ങൾക്ക് മുമ്പേ ചെയ്ത പ്രവൃത്തിക്ക് പോലും സർക്കാരിൽ നിന്നും ഫണ്ട് കരാറുകാർക്ക് കിട്ടിയിട്ടില്ല. ആയതിനാൽ ഈ റോഡുകൾ കോർപറേഷന്റെ പദ്ധതിയിൽപെടുത്തി നടത്തുന്നത് റിവിഷനിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രാഗേഷ്, എം.പി. രാജേഷ്, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി അബ്ദുൽ റസാഖ്, കൂക്കിരി രാജേഷ്, ഷബീന, കെ.എം. സാബിറ, ടി. രവിന്ദ്രൻ, കെ. പ്രദീപൻ, പി.പി. വത്സലൻ എന്നിവർ പ്രസംഗിച്ചു.