സമൂഹത്തിന് സന്ദേശവുമായി കുട്ടികളുടെ നാടകം
1592528
Thursday, September 18, 2025 1:51 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ നാടക കളരിയിൽ പങ്കെടുത്ത കുട്ടികളുടെ നാടകം ശ്രദ്ധേയമായി. പഞ്ചായത്തിലെ പ്രാപ്പോയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നവജ്യോതി കോളജ്, ജെഎംയുപി സ്കൂൾ എന്നിവിടങ്ങളിലും പൊതുജനങ്ങൾക്കായി ചെറുപുഴ ജെഎം യുപി സ്കൂളിലും നാടകം അവതരിപ്പിച്ചു.
മദ്യം, മയക്കുമരുന്ന്, കളവ്, വഞ്ചന, വിശ്വാസമില്ലായ്മ, മൊബൈൽ ഫോണിന്റെ അമിതവും തെറ്റായതുമായ ഉപയോഗം എന്നിവയെ ആസ്പദമാക്കി 25 മിനിട്ട് ദൈർഘ്യമുള്ളതാണ് നാടകം.
സന്തോഷ് കുമാർ ചെറുപുഴയാണ് നാടക രചന. പ്രാപ്പോയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചെറുപുഴ ജെഎം യുപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് നാടക കളരിയിൽ പങ്കെടുത്ത് നാടകത്തിൽ അഭിനയിച്ചത്. ഗോപി കുറ്റിക്കോൽ, ജി.എസ്. അനന്തകൃഷ്ണൻ എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
കുട്ടികളുടെ നാടക അവതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, കെ.ഡി. പ്രവീൺ, രേഷ്മ വി രാജു, കെ.കെ. വേണുഗോപാൽ, ഗോപി കുറ്റിക്കോൽ, ജി.എസ്. അനന്തകൃഷ്ണൻ, സന്തോഷ് കുമാർ ചെറുപുഴ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നാടകത്തിൽ അഭിനയിച്ച കുട്ടികൾക്കും അണിയറ പ്രവർത്തകർക്കും ഉപഹാരങ്ങൾ നൽകി.