ദേശീയ പാതയോരത്ത് തട്ടിവീണ കാൽനടയാത്രക്കാരന് ഇരുമ്പുകമ്പി തുളച്ചുകയറി ഗുരുതര പരിക്ക്
1592514
Thursday, September 18, 2025 1:51 AM IST
കാഞ്ഞങ്ങാട്: ദേശീയപാതയോരത്തെ സ്ലാബിൽ തട്ടിവീണ കാൽനടയാത്രക്കാരന്റെ ദേഹത്ത് ഇരുമ്പുകമ്പി തുളച്ചുകയറി. മൂലക്കണ്ടം ഉന്നതിയിലെ ഗംഗാധരനാ(48)ണ് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണ്ടിവരും.
കഴിഞ്ഞ 12 ന് രാത്രിയാണ് ഗംഗാധരൻ അപകടത്തിൽപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ സഞ്ജീവിക്കൊപ്പം നിൽക്കുകയായിരുന്ന ഗംഗാധരൻ രാത്രി ഭാര്യ പ്രേമയ്ക്കൊപ്പം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. മൂലക്കണ്ടത്ത് ഓട്ടോയിറങ്ങി ദേശീയപാതയുടെ സർവീസ് റോഡിന്റെ ഓരത്തുകൂടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിലാണ് തട്ടിവീണത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ടേക്കും മാറ്റി.
വാരിയെല്ലുകൾക്കിടയിലാണ് ഇരുമ്പുകമ്പി തുളച്ചുകയറിയത്. ആഴത്തിൽ കയറാതിരുന്നതും വീഴ്ചയിൽ കമ്പി ഊരിപ്പോയതും കാരണം ജീവൻ രക്ഷപ്പെട്ടു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ദേശീയപാതയോരത്ത് കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ തള്ളിനിൽക്കുന്ന ഇരുമ്പുകമ്പികൾ യഥാസമയം മുറിച്ചുമാറ്റാത്തത് അപകടഭീഷണിയായി മാറുന്നതായി നേരത്തേ "ദീപിക' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഓവുചാലിന്റെ മുകളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനായി ബാക്കിവച്ച കമ്പികളാണ് ഗംഗാധരന് അപകടം വരുത്തിവച്ചത്. ഇവിടെ കാടുമൂടി കിടക്കുന്നതിനാൽ കമ്പികൾ തള്ളിനിൽക്കുന്ന കാര്യം പകൽസമയത്തുപോലും പെട്ടെന്ന് കാണാനാകാത്ത നിലയാണ്.
കൂലിവേല ചെയ്യുന്ന ഗംഗാധരന്റെയും ഭാര്യ പ്രേമയുടെയും വരുമാനം കൊണ്ടാണ് പ്രായമായ അമ്മയും വിദ്യാർഥികളായ മക്കൾ ഗ്രീഷ്മയും വിഘ്നേഷുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ അമ്മയ്ക്കു പിന്നാലെ ഗംഗാധരനും ചികിത്സയിലായതോടെ ചികിത്സാച്ചെലവിനു പോലും ഗതിയില്ലാതെ വഴിമുട്ടിയ അവസ്ഥയിലാണ് കുടുംബം. കരാർ കമ്പനിയുടെ അനാസ്ഥ മൂലമുണ്ടായ അപകടത്തിൽ അവരിൽ നിന്നുതന്നെ നഷ്ടപരിഹാരം നേടിത്തരാൻ ബന്ധപ്പെട്ടവരുടെ ഇടപെടലുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.