ശ്രീകുമാരൻ തമ്പിയെ പരമോന്നത ബഹുമതി നൽകി രാഷ്ട്രം ആദരിക്കണം: മന്ത്രി
1279744
Tuesday, March 21, 2023 11:13 PM IST
പാരിപ്പള്ളി: ചലച്ചിത്രത്തിന്റെ സമസ്ത മേഖലകളിലും തന്റെ പ്രതിഭയും വ്യക്തിത്വവും അടയാളപ്പെടുത്തിയ, സകലകലാ വല്ലഭനായ ശ്രീകുമാരൻ തമ്പിക്ക് രാഷ്ട്രം പരമോന്നത ബഹുമതികൾ നൽകി ആദരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമയിൽ തന്നെ ശ്രീകുമാരൻ തമ്പി ഒരു വിസ്മയമാണ്. പാരിപ്പള്ളി സംസ്കാരയുടെ പി.കെ.സുകുമാരകുറുപ്പ് സ്മാരക സാഹിത്യ പുരസ്്കാരം ശ്രീകുമാരൻ തമ്പിക്ക് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
25,000 രൂപയും ശിൽപി ഗുരുപ്രസാദ് അയ്യപ്പൻ രൂപ കൽപന ചെയ്ത വെങ്കല ശിൽപവും പ്രശസ്തി പത്രവും അടങ്ങിയതാണ് സംസ്കാര സാഹിത്യ പുരസ്്കാരം. കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക് സ് ഡയറക്ടർ ഡോ. അച്യുത് ശങ്കർ എസ്. നായർ ശ്രീകുമാരൻ തമ്പിയുടെ കാവ്യസപര്യയെ കുറിച്ച് പ്രഭാഷണം നടത്തി. കവി ബാബുപാക്കനാർ പി.കെ. സുകുമാരകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.
സംസ്കാര പ്രസിഡന്റ് ജി. രാജീവൻ, സെക്രട്ടറി എസ്. ശ്രീലാൽ, സാഹിത്യ പുരസ്കാരം കൺവീനർ ആർ.രാധാകൃഷ്ണൻ, ട്രഷറർ ബി.സുഗുണൻ എന്നിവർ പ്രസംഗിച്ചു. ജി. ദേവരാജൻ മാസ്റ്റർ പരവുർ മ്യൂസിക്ക് ക്ലബ്, ശ്രീകുമാരൻ തമ്പിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകൾ കവിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു.