സ്കൂൾ പരിസരത്തെ സുരക്ഷ; ദുരന്തനിവാരണ നിയമം ബാധകം
1582196
Friday, August 8, 2025 3:40 AM IST
വീഴ്ച വരുത്തിയാൽ കർശന നടപടി
പത്തനംതിട്ട: സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്കൂളുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗപ്രദമല്ലാത്തതും അപകടകരവുമായ കെട്ടിടങ്ങൾ, മതിലുകള്‍, മറ്റ് നിര്‍മാണങ്ങള്‍ എന്നിവ പൊളിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സൺ കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്റെ നിര്‍ദേശം.
അപകടകരമായ കെട്ടിടം യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചു നീക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്ക്കായിരിക്കുമെന്നു കളക്ടർ പറഞ്ഞു.
സ്കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുതി ലൈനുകളുടെയും അനുബന്ധനിര്‍മിതികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തും. പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റും.
സുരക്ഷാവേലി നിർമിക്കണം
വിദ്യാലയങ്ങളിലെ ഉപയോഗ പ്രദമല്ലാത്തതും പൊളിച്ചു മാറ്റേണ്ടതുമായ കെട്ടിടങ്ങൾ, സുരക്ഷിതമല്ലാത്ത മതിലുകള്‍, ജലസംഭരണികൾ, വൈദ്യുത ഇൻസ്റ്റലേഷനുകള്‍, താത്കാലിക ഷെഡുകൾ, കമാനങ്ങള്‍ തുടങ്ങിയവയുടെ സമീപത്തേക്ക് കുട്ടികള്‍ വരാത്ത തരത്തില്‍ സുരക്ഷാവേലി നിര്‍മിക്കും. അപകട സൂചന സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട ചുമതല ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ്.
ജില്ലയിലെ എല്ലാ സ്കൂള്‍ വളപ്പിലും പരിസരങ്ങളിലും ഉള്ള വൈദ്യുത ലൈനുകളുടെയും അനുബന്ധ നിര്‍മിതികളുടെയും സുരക്ഷ സംബന്ധിച്ച് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഓരോ ഇലക്ട്രിക്കല്‍ സബ് ഡിവിഷനു കീഴിലുമുള്ള ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർക്കാണ് ചുമതല. സ്ഥാപന മേധാവി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം.
കുട്ടികൾക്കു ബോധവത്കരണം
സ്കൂള്‍ അംസംബ്ലികളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ചു കുട്ടികള്‍ക്കു ബോധവത്കരണം നൽകണം. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള സ്കൂള്‍ സുരക്ഷ സംബന്ധിച്ച മാര്നനിര്ദേശങ്ങള് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഉറപ്പാക്കും. നിര്‍ദേശിക്കപ്പെട്ട ഘടനയില്‍ സ്കൂള്‍തല ദുരന്തനിവാരണ രേഖ തയാറാക്കും.
ബന്ധപ്പെട്ട പ്രധാനാധ്യാപര്ക്കാണ് ചുമതല. (മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി https://dma. kerala.gov.in/school-safety-guidelines/). നിര്‍ദേശങ്ങളില്‍ വീഴ്ചയോ അലംഭാവമോ വരുത്തിയാല്‍ ദുരന്ത നിവാരണ നിയമം വകുപ്പ് 51 പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
ദുരന്തനിവാരണ നിയമം
2005 ദുരന്തനിവാരണ നിയമത്തിലെ വകുപ്പ് 26,30,33,34 (എച്ച്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കെട്ടിടങ്ങളുടെ വാലുവേഷന് റിപ്പോര്‍ട്ട് അനുവദിക്കാനുള്ള ആവശ്യം ഉന്നയിച്ചാല്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള ബന്ധപ്പെട്ട തദ്ദേശ സ്ഥാപന എൻജിനിയർ റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ലേലം ഉറപ്പിക്കാനായില്ലെങ്കില്‍ അതേദിവസംതന്നെ നിയമപരമായ തുടര്‍ നടപടി സ്വീകരിച്ച് സുരക്ഷയ്ക്കു മുന്‍ഗണന നല്‍കണം.
സ്കൂള്‍ പരിസരത്തെ അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് നീക്കാനുള്ള നടപടി ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കും. എയ്ഡഡ്, സ്വകാര്യ സ്കൂൾ പരിസരങ്ങളിലുള്ള മരങ്ങൾ മുറിച്ചു മാറ്റാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട സ്കൂള്‍ മാനേജരും പ്രധാന അധ്യാപകരും നിര്‍വഹിക്കണം.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ എയ്ഡഡ്, സ്വകാര്യ സ്കൂളുകള്‍ക്കു സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം. മുറിച്ച ശേഷം തടി എത്രയും വേഗത്തില്‍ സ്കൂള്‍ പരിസരത്തുനിന്നു നീക്കം ചെയ്യണം.