കുട്ടി ഗവേഷകനുള്ള പുരസ്കാരം സമ്മാനിച്ചു
1582214
Friday, August 8, 2025 3:57 AM IST
പ്രമാടം: നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ആദ്യ കുട്ടിഗവേഷക അവാര്‍ഡ് പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി അഭിഷേക് പി. നായര്‍ക്ക് സമ്മാനിച്ചു. സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മൈക്രോബയോം ഡയറക്ടര്‍ ഡോ. സാബു തോമസ് ഫലകവും കാഷ് അവാര്‍ഡും സമ്മാനിച്ചു.
കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പതിനേഴാമത് ചില്‍ഡ്രന്‍സ് ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസില്‍ റിസേര്‍ച്ച് പ്രോജക്ട് ഇനത്തില്‍ ഒന്നാം സ്ഥാനവും ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ എ - ഗ്രേഡ് നേടിയതും ശാസ്ത്ര ഗവേഷണ മേഖലയിലെ മികവുമാണ് അഭിഷേകിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
സംസ്ഥാന ചില്‍ഡ്രന്‍സ് ബയോഡൈവേഴ്സിറ്റി കോണ്‍ഗ്രസ് വിജയിയായ അക്ഷര വിനേഷിനേയും പരിപാടിയില്‍ അനുമോദിച്ചു.നേതാജി സോഷ്യോ ഇക്കോളജിക്കല്സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡോ. സാബു തോമസ് നിര്‍വഹിച്ചു.
നേതാജി സ്കൂള്‍ മാനേജര്‍ ബി. രവീന്ദ്രന് പിള്ള അധ്യക്ഷത വഹിച്ചു. സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ആര്. സുനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ ബി. ആശ, പ്രധാനാധ്യാപിക സി. ശ്രീലത, അധ്യാപകരായ യമുന എസ്. നായര്‍, പി.എം. അമ്പിളി, അജി ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.