വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ചയാൾ അറസ്റ്റിൽ
1582457
Saturday, August 9, 2025 3:45 AM IST
വെച്ചൂച്ചിറ: വീട്ടിൽ അതിക്രമിച്ചുകയറി ദമ്പതികൾക്കുമേൽ പെട്രോൾ ഒഴിക്കുകയും ഹെൽമെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ പത്തായപ്പാറ പി.വി. മണി (50) യാണ് പിടിയിലായത്.
കഴിഞ്ഞമാസം 20ന് രാത്രി 8.45നാണ് കൊല്ലമുള ചാത്തൻതറ കാഞ്ഞിരപ്പാറ വീട്ടിൽ ബിജിൻ കെ. ബിജുവിന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ ഇയാൾ ദന്പതികളെ ആക്രമിക്കുകയായിരുന്നു.
മുമ്പ് വീട്ടിൽ കയറി അതിക്രമം കാട്ടിയത് ചോദ്യം ചെയ്തതിന്റെ വിരോധം കാരണമാണ് വീട്ടിൽ കടന്ന് ബിജിന്റെയും ഭാര്യയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ചത്.
ഹെൽമറ്റ് ധരിച്ച് എത്തിയ ഇയാൾ ഇരുവരുടേയും ദേഹത്ത് പെട്രോൾ വീശി ഒഴിച്ചശേഷം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഹെൽമറ്റ് കൊണ്ട് ബിജിന്റെ വലതുകൈക്ക് അടിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച ഭാര്യയെയും ആക്രമിച്ചു.
എസ്ഐ വി. പി. സുഭാഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മണിയെ പിടികൂടിയത്.