പുലിഭീതിയിൽ വിറച്ച് കലഞ്ഞൂർ : പാറമടകളും പൊന്തക്കാടുകളും വന്യമൃഗങ്ങളുടെ താവളം
1581943
Thursday, August 7, 2025 4:19 AM IST
കലഞ്ഞൂർ: പട്ടാപ്പകലും പുലിയുടെ സാന്നിധ്യം കണ്ടുതുടങ്ങിയ കലഞ്ഞൂർ പൂമരുതിക്കുഴി, പാക്കണ്ടം മേഖലകളിൽ ജനങ്ങളാകെ ഭീതിയിൽ. പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് റോന്ത് ചുറ്റുന്ന വനംവകുപ്പിനു കൂടുതൽ നടപടികളുമെടുക്കാനാകുന്നില്ല. പുലിയുടെ സാന്നിധ്യം കണ്ട പൂമരുതിക്കുഴിയിലാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പാക്കണ്ടത്ത് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.
ഞായറാഴ്ച പട്ടാപ്പകൽ വളർത്തു നായയെ ഓടിച്ചുകൊണ്ട് പൂമരുതിക്കുഴിയിലെ ഒരു വീട്ടിൽ പുലി കയറിയത് പ്രദേശവാസികളിൽ ഭീതി വർധിപ്പിച്ചു. വീടിന്റെ അടുക്കള ഭാഗത്തുകൂടി പുലി അകത്തു കയറുന്പോൾ വീട്ടമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായി വന്യമൃഗത്തെ കൺമുന്പിൽ കണ്ട ഞെട്ടൽ ഇപ്പോഴും ഇവർക്കു മാറിയിട്ടില്ല. പാക്കണ്ടത്ത് കോഴിക്കൂട്ടിൽ കയറിയ പുലി കോഴികളെ പിടിച്ചതും കഴിഞ്ഞ ദിവസമാണ്.
മൂന്നാം ദിവസവും പുലി
തുടർച്ചയായ മൂന്നു ദിവസവും കലഞ്ഞൂർ, കൂടൽ പ്രദേശത്തു പുലി ഇറങ്ങിയതോടെ പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രദേശത്തു മുൻപ് മൂന്നുതവണ വനംവകുപ്പ് സ്ഥാപിച്ച കൂടുകളിൽ പുലി വീണിരുന്നു.
പാക്കണ്ടം, ഇഞ്ചപ്പാറ മേഖലകളിലാണ് പുലി കുടുങ്ങിയത്.പുലികളുടെ സാന്നിധ്യം വർധിച്ചതോടെ മുൻപ് വനം വകുപ്പ് ഡ്രോൺ സഹായത്തോടെ തെരച്ചിലും നടത്തിയിരുന്നു. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കണ്ട പുലി ഒന്നുതന്നെയാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
മലയോരത്തെ റബർ തോട്ടങ്ങളുടെ പാറമടകളുടെയും സമീപത്തെ പൊന്തക്കാടുകൾ വന്യമൃഗങ്ങളുടെ താവളമാണ്. പാറക്കൂട്ടങ്ങളുടെ മുകളിൽ പുലി ഇരിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യത്തിൽ പൊറുതിമുട്ടിയവരുടെ ഇടയിലേക്കാണ് പുലിയും ഇറങ്ങിയിരിക്കുന്നത്.
വളർത്തു നായ്ക്കളെയും കോഴികളെയും കാണാനില്ല
കലഞ്ഞൂർ: കലഞ്ഞൂരിലെ ഇഞ്ചപ്പാറ, പൂമരുതിക്കുഴി, പാക്കണ്ടം മേഖലകളിൽ വളർത്തു നായ്ക്കളെയും കോഴികളെയും കാണാതാകുന്നതു സ്ഥിരം സംഭവമായി മാറിയിരുന്നു. വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളാണെങ്കിലും പുലി ജനവാസ മേഖലയിൽ സ്ഥിരമായി എത്തുമെന്നു പ്രദേശവാസികൾ കരുതിയിരുന്നില്ല.
പാക്കണ്ടം പാറമടയ്ക്കു സമീപം ആര്യഭവൻ ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് അഞ്ച് കോഴികളെയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പരിസരത്തെ സിസിടിവിയിൽ പുലിയുടെ ദൃശ്യം വ്യക്തമായിട്ടുണ്ട്. ബാബുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽനിന്ന് മുന്പും കോഴികളെ നഷ്ടപ്പെട്ടിരുന്നു. പ്രദേശത്തു 25ലധികം കോഴികളെയാണ് കഴിഞ്ഞയിടെ നഷ്ടപ്പെട്ടത്. ആട്ടിൻകുട്ടികളെയടക്കം പലർക്കും നഷ്ടമായിട്ടുണ്ട്.
സൗരോർജവേലി എവിടെ?
കലഞ്ഞൂർ പൂമരുതിക്കുഴിയിൽ വന്യമൃഗ ആക്രമണം പ്രതിരോധിക്കാൻ സൗരോർജവേലി സ്ഥാപിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപനം നടത്തിയിട്ട് ഒരു വർഷമായി. നിർമാണോദ്ഘാടനവും മന്ത്രി നടത്തിയിരുന്നു. മൂന്നു മാസത്തിനകം വേലി സ്ഥാപിക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, സൗരോർജ വേലിയുടെ പ്രവർത്തനം ഇതേവരെ പൂർത്തിയായിട്ടില്ല.
പണികൾ പലയിടത്തും തുടങ്ങിവച്ചെങ്കിലും പൂർത്തീകരിച്ചിട്ടില്ല. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പ്രദേശങ്ങളിലുള്ളവരുടെ ആവശ്യം പരിഗണിച്ച് അത്തരം സ്ഥലങ്ങളിലേക്കു നിർമാണം ദീർഘിപ്പിച്ചെങ്കിലും അതും പൂർത്തീകരിക്കാനായില്ല.
തൊഴിൽ മേഖല സ്തംഭിച്ചു; സ്കൂൾ കുട്ടികളും ഭയപ്പാടിൽ
പുലിയുടെ സാന്നിധ്യം കൂടുതൽ പ്രദേശങ്ങളിലുണ്ടെന്നതായതോടെ കലഞ്ഞൂർ, കൂടൽ മേഖലയിലെ തൊഴിൽമേഖലകൾ സ്തംഭനത്തിലാണ്. ആളുകൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. പുലർച്ചെ റോഡുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന ടാപ്പിംഗ് തൊഴിലാളികൾ, പത്രവിതരണക്കാർ, ക്ഷീരകർഷകർ തുടങ്ങിയവർ ഭയപ്പാടിലാണ്. റബർ ടാപ്പിംഗ് നിലച്ച മട്ടാണ്.
റബർ തോട്ടങ്ങളോടു ചേർന്നാണ് പുലിയെ പലേടത്തും കണ്ടിരുന്നതെന്നതിനാൽ ടാപ്പിംഗ് തൊഴിലാളികൾക്കിടയിൽ ഭീതി വർധിച്ചു. സ്കൂൾ കുട്ടികളും ഭയപ്പാടിലാണ്. വാഹനങ്ങളിൽ എത്തുന്ന കുട്ടികളെ മാതാപിതാക്കൾ സ്റ്റോപ്പുകളിലെത്തി കൂട്ടിക്കൊണ്ടുപോവുകയാണ്. നേരത്തേ കാട്ടാനയുടെ ശല്യം അതിരൂക്ഷമായിരുന്ന പ്രദേശങ്ങളാണിത്. ആനയെ ഭയന്ന് ആളുകൾ സന്ധ്യയ്ക്കു മുന്പു വീടുകളിൽ അഭയം തേടിവന്നിരുന്നു.
പുലിക്കുപിന്നാലെ കാട്ടാനയും; വീടിനു നേരേ ആക്രമണം
കലഞ്ഞൂർ: പൂമരുതിക്കുഴിയിൽ വീടിനു നേരേ കാട്ടാന ആക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് പൂമരുതിക്കുഴി ഷൈജു ഭവനത്തിൽ പ്രഭുരാജിന്റെ വീടിനു നേരേ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വീടിന് അടുത്ത് എത്തിയ കാട്ടാന പറമ്പിൽനിന്നിരുന്ന തെങ്ങ് കുത്തി മറിച്ചിടാൻ ശ്രമിച്ചു. ഇതിനുശേഷം പ്രഭുരാജിന്റെ വീടിന്റെ ജനൽ കതകിൽ ഇടിക്കുകയും ഗ്ലാസ് തകർക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഇതോടെ വനപാലകരുടെ രാത്രികാല പട്രോളിംഗ് സംഘം സ്ഥലത്ത് എത്തി. വനപാലകർ എത്തിയപ്പോഴേക്കും കാട്ടാന കാട് കയറിയിരുന്നു.
കെ.യു. ജനീഷ് കുമാർ എംഎൽഎ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി എന്നിവരും വനം വകുപ്പ് മറ്റ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. പ്രദേശത്തു കാട്ടാന ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. തുടർച്ചയായ ദിവസങ്ങളിൽ പുലി ഇറങ്ങിയതോടെ ഭീതിയിലായ പ്രദേശത്താണ് കാട്ടാനയും വീണ്ടും എത്തിയിരിക്കുന്നത്.