പുല്ലാട്ടെ ശാരിമോളുടെ കൊലപാതകം; ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ
1581944
Thursday, August 7, 2025 4:19 AM IST
കോഴഞ്ചേരി: ഭാര്യ കുത്തേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളെ (ശ്യാമ - 38) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കവിയൂര്‍ കോട്ടൂര്‍ മുട്ടത്തുപാറയില് അജികുമാറിനെ (42) ഇന്നലെ ഉച്ചയ്ക്ക് 1.15ന് തിരുവല്ല വൈഎംസിഎ ജംഗ്ഷനുസമീപമുള്ള സ്വകാര്യബാറിനടുത്ത് മീന്‍ചന്തയില്‍നിന്ന് പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തത്.
മുഖത്ത് രൂപവ്യത്യാസം വരുത്തി ക്ലീന്‍ ഷേവ് ചെയ്ത് മീന്‍ വില്‍പ്പന നടത്തുന്ന സ്ഥലത്ത് കിടക്കുന്നത് അജികുമാറാണ് എന്ന് ആദ്യം കണ്ടെത്തിയത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ്. തുടര്‍ന്ന് ഇവരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍മൂലം തിരുവല്ല പോലീസ് എത്തി കസ്റ്റഡിയിലെത്ത് കോയിപ്രം പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ശാരിമോൾക്ക് കുത്തേറ്റത്. ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. ശാരിമോളുടെ അച്ഛൻ ശശിക്കും സഹോദരി രാധാമണിക്കും കുത്തേറ്റിരുന്നു. ഇതിൽ ശശി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ കഴിയുകയാണ്.
അറസ്റ്റിലായ അജികുമാറിനെ പോലീസ് സ്റ്റേഷനു സമീപമുള്ള ക്വാര്‍ട്ടേഴ്സില്‍ കൊണ്ടുവന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മെഡിക്കല്‍ പരിശോധനയ്ക്കുവിധേയനാക്കിയതിനുശേഷം ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പുകൾക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തേത്തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായി കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. ഡ്രോണിന്റെ സഹായവും തെരച്ചിലിനായി ഉപയോഗിച്ചിരുന്നു. അജികുമാറിനെ പിടികൂടാന്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരുവല്ല ഡിവൈഎസ്പി അടക്കമുള്ള പ്രത്യേക സംഘത്തെ നിയമിച്ചിരുന്നുവെങ്കിലും സ്പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് അജികുമാറിനെ പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍തന്നെ പറഞ്ഞു.
ശാരിമോളുടെ സംസ്കാരം നടന്നു
കൊല്ലപ്പെട്ട ശാരിമോളുടെ സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടന്നു. ശാരിയുടെ സഹോദരന് ശരത്താണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടക്കുന്നതിന് നിമിഷങ്ങള്ക്കുമുന്പാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതായി പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
കുടുംബശ്രീ എഡിഎസ് സെക്രട്ടറികൂടിയായിരുന്ന ശാരിമോളുടെ സംസ്കാരച്ചടങ്ങില്‍ ത്രിതല ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കളും കുടുംബശ്രീ മിഷനുമായി ബന്ധപ്പെട്ടവരും നാട്ടുകാരും പങ്കെടുത്തു. കാഞ്ഞിരപ്പാറ കമ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.
ശാരിമോളുടെ മരണവും അച്ഛൻ അജികുമാർ ജയിലിലുമായതോടെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ അനാഥരായി. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ്.