ഭീതി ഒഴിയാതെ പൂമരുതിക്കുഴി, പാക്കണ്ടം നിവാസികൾ
1581663
Wednesday, August 6, 2025 3:55 AM IST
കലഞ്ഞൂർ: പൂമരുതികുഴി, ഇഞ്ചപ്പാറ പ്രദേശങ്ങൾ പുലി ഭീതിയിൽ. ഇഞ്ചപ്പാറയിൽ കൂട്ടിൽ കയറി കോഴിയെ പുലി പിടിക്കുകയും പൂമരുതികുഴിയിൽ വളർത്തു നായയെ പിന്തുടർന്ന് എത്തിയ പുലി വീടിനുള്ളിലേക്ക് ഓടിക്കയറുകയുമായിരുന്നു.
കൂടൽ ഇഞ്ചപ്പാറയിൽ നേരത്തെ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ രണ്ട് തവണ പുലി കുടുങ്ങിയിരുന്നു. പുലി ശല്യം രൂക്ഷമായതോടെ കൂടൽ ഇഞ്ചപ്പാറയിൽ 2023 സെപ്റ്റംബർ 21 ന് വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി ആദ്യം കുടുങ്ങിയത്.
ഇതോടെ ശല്യം ഒഴിഞ്ഞെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരെങ്കിലും പിന്നീടും പല തവണ പുലിയെ കണ്ടു. കഴിഞ്ഞ മാസം ഇഞ്ചപ്പാറയിൽ പാറപ്പുറത്ത് കയറി നിൽക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ കാമറയിൽ പകർത്തിയിരുന്നു.
ഇതിന് മുന്പു സംസ്ഥാന പാത മുറിച്ചു കടക്കുന്ന പുലിയെ കണ്ടതായും ജനങ്ങൾ പറയുന്നു. രണ്ട് പഞ്ചായത്തുകളിലുമായി ഏകദേശം ഇരുപതിലധികം ആടുകളെയാണ് പുലി ഭക്ഷിച്ചത്. തണ്ണിത്തോട് പൂച്ചക്കുളത്തും വളർത്തു മൃഗങ്ങളെ പുലി പിടിച്ച സംഭവങ്ങളുണ്ട്.