ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കണ്ടെത്താനായില്ല
1581667
Wednesday, August 6, 2025 3:55 AM IST
കോഴഞ്ചേരി: കുടുംബവഴക്കിനേ തുടര്‍ന്ന് യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തി. പോലീസിനെ സഹായിക്കാന്‍ വാര്‍ഡ് മെമ്പര്‍ ജോണ്സണ് തോമസിന്റെ നേതൃത്വത്തില്‍ ഇരുപതിലധികം യുവാക്കളും തെരച്ചില്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പുറമറ്റം, കല്ലൂപ്പാറ എൻജിനിയറിംഗ് കോളജിന്റെ സമീപപ്രദേശം എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.
പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ-ആഞ്ഞാലിക്കല് ശാരിമോളാണ് (ശ്യാമ-38) കുത്തേറ്റ് മരിച്ചത്. കുത്തികൊലപ്പെടുത്തിയ ഭര്‍ത്താവ് അജികുമാര്‍ ഒളിവിലാണ്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് അജികുമാര്‍ ശനിയാഴ്ച രാത്രിയില്‍ ശാരിമോളെ കുത്തികൊലപ്പെടുത്തിയശേഷം കടന്നുകളയുകയായിരുന്നു.
ശാരിമോള്‍ ഞായറാഴ്ച പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചു. ആക്രമണത്തിനിടെ തടസം പിടിക്കാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇരുവരും ഗുരുതരമായ അവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
ശാരിമോളുടെ സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. കുടുംബശ്രീ എഡിഎസ് സെക്രട്ടറികൂടിയായ ഇവരുടെ മൃതദേഹം രാവിലെ 10.30ന് വീട്ടിലെത്തിക്കും. 11 മുതല്‍ 12.30 വരെ കാഞ്ഞിരപ്പാറ-ആലുംതറ കമ്യൂണിറ്റിഹാളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്കാരം.
ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ മേല്നോട്ടിത്തിലും തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. അജികുമാറിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകുന്നവർ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ഡിവൈഎസ്പി തിരുവല്ല 9497990035, എസ്എച്ച്ഒ കോയിപ്രം 9497947146, 8547429572, എസ് ഐ കോയിപ്രം 9497980232, കോയിപ്രം പോലീസ് സ്റ്റേഷന് 04692660246.