സിസ്റ്റം ഉണരുന്നു; സ്കൂൾ കെട്ടിടങ്ങൾക്കു വീണ്ടും പരിശോധന : രണ്ടു മാസം മുന്പ് ഫിറ്റ്, ഇപ്പോൾ അൺഫിറ്റ്
1581673
Wednesday, August 6, 2025 4:04 AM IST
പത്തനംതിട്ട: തേവലക്കര സ്കൂൾ വളപ്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷ പരിശോധന ഊർജിതം. രണ്ടുമാസം മുന്പ് ഫിറ്റ്നസ് നൽകിയ കെട്ടിടങ്ങൾ പലതും അൺഫിറ്റ് എന്നു ഇപ്പോൾ വിലയിരുത്തൽ.
സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്ഥാപന എൻജിനിയർമാർ തന്നെയാണ് വീണ്ടും പരിശോധനയ്ക്കെത്തുന്നത്. മേയ് അവസാനം ഇവർതന്നെ പരിശോധനകൾ നടത്തി ഫിറ്റ്നസ് നൽകിയ കെട്ടിടങ്ങളാണ് വീണ്ടും പരിശോധിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്കൂൾ കെട്ടിടങ്ങളും പരിസരങ്ങളും പരിശോധിച്ചു സുരക്ഷ വിലയിരുത്തിയതിനു പിന്നാലെയാണ് തദ്ദേശവകുപ്പിന്റെ രണ്ടാമത്തെ പരിശോധന. സുരക്ഷ ഓഡിറ്റെന്ന പേരിലാണ് ഇപ്പോഴത്തെ നടപടി.
അൺഫിറ്റ് എന്നു വിധിയെഴുതുന്ന കെട്ടിടത്തിലെ ക്ലാസുകൾ മാറ്റാനാണ് നിർദേശിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒരേപോലെ പരിശോധനയുണ്ട്. സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇത്തരം സ്കൂളുകളിൽ അധ്യാപകരുടെ ശന്പളം പോലും തടയുന്ന സാഹചര്യമുണ്ടാകും.
ഉത്തരവാദിത്വം ഏൽക്കില്ലെന്ന് പ്രഥമാധ്യാപകർ
സ്കൂളുകളിൽ പ്രഥമാധ്യാപകർക്ക് 50 ഇനങ്ങളുടെ ചോദ്യാവലി നൽകി പൂരിപ്പിച്ചു വാങ്ങിയ ശേഷമാണ് ഇപ്പോഴത്തെ പരിശോധന. സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം, അപകട ഭീഷണി, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട അകലം, സംരക്ഷണ ഭിത്തികൾ, പരിസരങ്ങളിലെ കാടുകൾ, കെട്ടിടങ്ങൾക്കു സമീപത്തെ വിടവുകൾ തുടങ്ങിയ ചോദ്യങ്ങൾക്കു മറുപടി എഴുതി നൽകിയിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ ഓഫീസർമാർ സ്കൂൾ പരിശോധിച്ചു.
ഇതിനു ശേഷമുള്ള പരിശോധനയിൽ ഉദ്യോഗസ്ഥർ അൺഫിറ്റ് എന്നു കണ്ടെത്തുന്ന കെട്ടിടങ്ങളുടെ ഉത്തരവാദിത്വം തങ്ങൾ ഏൽക്കില്ലെന്നു പ്രഥമാധ്യാപകർ പറയുന്നു. സർക്കാർ സ്കൂളുകളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെട്ടിടങ്ങളുടെ ചുമതല.
എയ്ഡഡ് സ്കൂളുകളിൽ ഭൗതിക സാഹചര്യം മാനേജർമാരാണ് ഉറപ്പാക്കേണ്ടത്. ഇത്തരം വിഷയങ്ങൾ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുത്താനാകില്ലെന്നു സംഘടനകളും പ്രതികരിച്ചിട്ടുണ്ട്.