വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരെ സംരക്ഷിക്കാൻ ഡിഡിഇയുടെ ശ്രമം
1581932
Thursday, August 7, 2025 3:34 AM IST
പത്തനംതിട്ട: അധ്യാപികയായ ഭാര്യയുടെ ശമ്പളകുടിശിക അനശ്ചിതമായി തടഞ്ഞുവച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിനു വീഴ്ചയില്ലെന്ന തരത്തിൽ ഡിഡിഇ നൽകിയ പ്രാഥമിക റിപ്പോർട്ട് വിവാദമാകുന്നു.
സംഭവത്തിനു പിന്നാലെ ഉദ്യോഗസ്ഥർക്കു വീഴ്ചയില്ലെന്നായിരുന്നു പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള രേഖകൾ തയാറാക്കേണ്ടത് സ്കൂൾ പ്രധാനാധ്യാപികയുടെ ചുമതലയാണെന്നും പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സർക്കാരിനു നൽകിയ റിപ്പാർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതു തള്ളിയായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ മൂന്നു ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
വിദ്യാഭ്യാസമന്ത്രിയടക്കം ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകിയുള്ള റിപ്പോർട്ട്. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നതായി മന്ത്രിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതിനുപിന്നാലെയായിരുന്നു വീഴ്ചയില്ലെന്ന് റിപ്പോർട്ട് നൽകിയത്.
ഹൈക്കോടതി ഉത്തരവിന്റെയും സർക്കാർ നിർദേശത്തിന്റെയും ഭാഗമായി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ യുപിഎസ്ടി ലേഖാ രവീന്ദ്രനു കഴിഞ്ഞ ഫെബ്രുവരി മുതൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിവരുന്നുണ്ടെന്നാണ് ഡിഡിഇയുടെ റിപ്പോർട്ട്.
യാഥാർഥ്യങ്ങൾ മറച്ചുവച്ചു
എന്നാൽ, നിയമനം കോടതി അംഗീകരിച്ച തീയതിയായ 2019 മുതൽ 2025 വരെയുള്ള ശമ്പള കുടിശിക പണമായി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2012 മുതൽ 2019 വരെയുള്ള ശമ്പള കുടിശിക പിഎഫിൽ ലയിപ്പിക്കേണ്ടതായിട്ടുണ്ടെന്നും ഇതിനു കാലതാമസമുണ്ടെന്നുമാണ് മറ്റൊരു പരാമർശം. എന്നാൽ, ലേഖയ്ക്ക് അനുവദിച്ചിട്ടുള്ളത് 2012ൽ ജോലിക്കു കയറിയ കാലയളവിലെ അടിസ്ഥാന ശന്പളം മാത്രമാണെന്നും ആനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നുമുള്ളത് ഡിഡിഇ മറച്ചുവച്ചു.
ശമ്പള കുടിശിക ലഭിക്കാനായി സ്പാർക്കിൽ ഓഥന്റിക്കേഷനുവേണ്ടി പ്രധാനാധ്യാപിക രേഖാമൂലം അപേക്ഷിച്ചത് 2025 ജൂലൈ 30നാണെന്നും ഓഗസ്റ്റ് രണ്ടിനുതന്നെ ഇതു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസർ മൂന്നു മാസത്തിനുള്ളിൽ അടിയന്തരമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മാറി നൽകണമെന്നു പ്രധാനാധ്യാപികയ്ക്ക് ഉത്തരവ് നൽകിയിട്ടുള്ളതാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വെള്ളപൂശൽ
ഡിഡിഇ നൽകിയ റിപ്പോർട്ട്, ഉദ്യോഗസ്ഥരെ വെള്ളപൂശാനുള്ള ശ്രമമാണെന്ന ആക്ഷേപവുമായി വിവിധ അധ്യാപകസംഘടനകളും രംഗത്തെത്തി. വിദ്യാഭ്യാസമന്ത്രിതന്നെ നേരത്തേ ഇടപെട്ട വിഷയമായിരുന്നതിനാലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉദ്യോഗസ്ഥരുടെ വീഴ്ച അക്കമിട്ടു നിരത്തി നടപടിയെടുത്തത്. ഇതാകട്ടെ ഡിഡിഇയുടെ വെള്ളപൂശൽ റിപ്പോർട്ടിനെ തള്ളിക്കൊണ്ടായിരുന്നു.
നിലവിലെ പ്രധാനാധ്യാപിക മേയ് 31നാണ് ചുമതലയേറ്റതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സ്പാർക്കിൽ ഓഥന്റിക്കേഷനുവേണ്ടി ജൂണിൽത്തന്നെ അപേക്ഷ നൽകിയിരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ, പല വാദങ്ങൾ പറഞ്ഞു വൈകിപ്പിക്കുകയായിരുന്നു.
പ്രധാന അധ്യാപികയ്ക്കാണ് ചുമതലയെങ്കിൽ ചൊവ്വാഴ്ച തിടുക്കപ്പെട്ട് സ്കൂളിൽനിന്നു രേഖകൾ വാങ്ങി ഒപ്പിട്ടുനൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്കൂൾ അധികൃതരും അധ്യാപകസംഘടനകളും ചോദിക്കുന്നു.
ഷിജോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; രണ്ട് കുടുംബങ്ങളുടെ അത്താണി
അത്തിക്കയം: ഭാര്യയുടെ ശമ്പള കുടിശിക ലഭിക്കാന്‍വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാതെ വിടവാങ്ങിയ ഷിജോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചകഴിഞ്ഞ് ഷിജോ അത്തിക്കയം വടക്കേച്ചരുവിലെ വീട്ടുമുറ്റത്ത് എരിഞ്ഞടങ്ങി.
വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് വി.ടി. ഷിജോയെ (46) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് നാറാണംമൂഴി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്.
ഭാര്യയുടെ ശമ്പളത്തിനുവേണ്ടി ഏറെ നിയമയുദ്ധം നടത്തിയ ഷിജോ ഒടുവില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു. എന്നാല്‍, പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസില്‍നിന്ന് തുടര്‍ നടപടികളുണ്ടായില്ല. 13 വര്‍ഷമായി ലഭിക്കേണ്ട ശമ്പളത്തിന്റെ ബില്ല് സമര്‍പ്പിച്ചിട്ട് ഏഴു മാസം പിന്നിട്ടെങ്കിലും ഇതു പാസാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തയാറായില്ല. ഇതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്നു.
കൃഷിവകുപ്പിനു കീഴിലുള്ള വിഎഫ്പിസികെയില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഷിജോയുടെ ശമ്പളവും മുടങ്ങിയതോടെ പ്രതിസന്ധി രൂക്ഷമായി. ഏക മകൻ വൈഷ്ണവിന്റെ എന്‍ജിനിയറിംഗ് പഠനവുമായി ബന്ധപ്പെട്ട് പണം ലഭ്യമാകാതെ വന്നതോടെയാണ് ഷിജോ മാനസികബുദ്ധിമുട്ടിലായതെന്നു പറയുന്നു.
ആശ്വസിപ്പിക്കാനാകാതെ
സ്വന്തം വീട്ടിലെയും ഭാര്യയുടെ മാതാപിതാക്കളുടെയും കാര്യങ്ങള്‍ നടത്തിയിരുന്നത് ഷിജോയാണ്. ചാരുംമൂട്ടില്‍ ജോലി നോക്കുന്ന ഷിജോ എല്ലാ ദിവസവും വല്ലനയിലെ ഭാര്യാവീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചാണ് വന്നിരുന്നത്. ഭാര്യ ലേഖയുടെ മാതാപിതാക്കൾ മാത്രമാണ് വല്ലനയിലെ വീട്ടിലുള്ളത്.
ഷിജോയുടെ വേർപാട് കുടുംബാംഗങ്ങൾക്ക് താങ്ങാവുന്നതിലപ്പുറമായി. ഭാര്യ ലേഖയെയും അമ്മ കോമളത്തെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ നന്നേപാടുപെട്ടു. ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് എത്തിയിരുന്നു.