മണിയാർ ടൂറിസം വികസന പദ്ധതികൾക്ക് അംഗീകാരം; നിർമാണോദ്ഘാടനം 11ന്
1581946
Thursday, August 7, 2025 4:19 AM IST
റാന്നി: പമ്പ റിവർ വാലി ടൂറിസം പദ്ധതിയുടെ ഭാഗമായി മണിയാറിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികളുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. നിർമാണോദ്ഘാടനം 11ന് വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
വടശേരിക്കര മണിയാറിൽ ജലസേചനത്തിനായി പമ്പ ഇറിഗേഷൻ വകുപ്പ് നിർമിച്ചിട്ടുള്ള ഡാമിന്റെ പരിസരത്ത് 12 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്.15 കോടി രൂപയാണ് മൂന്നുഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്ക് ചെലവഴിക്കുന്നത്. ആദ്യഘട്ടമായ അഞ്ചു കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്.
പമ്പ ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള ഡാമിനോടു ചേർന്നുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് നിർമാണം വൈകാൻ ഇടയാക്കിയതെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. നേരത്തേ തയാറാക്കിയ ഡിപിആറിൽ മാറ്റം വരുത്തി നിർമാണ പ്രവർത്തനങ്ങൾക്കുള്ള എൻഒസി നേടുകയായിരുന്നു. ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെല്ലിനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
ഉയർന്ന നടപ്പാത, പൂന്തോട്ടം, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങൾ, ഫിറ്റ്നസ് സെന്റർ, സൈക്കിൾ ട്രാക്ക്, ഭക്ഷണ കുടിവെള്ള കിയോസ്ക്കുകൾ, ഇരിപ്പിടങ്ങൾ, ഇലക്ട്രിഫിക്കേഷൻ, പാർക്കിംഗ് ഏരിയ, ശുചിമുറി സൗകര്യങ്ങൾ എന്നിവയെല്ലാം ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഴക്കൻ മലയോര പ്രദേശമായ മണിയാറിന്റെയും വടശേരിക്കരയുടെയും സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് പദ്ധതി.
ഗവിയിലേക്കുള്ള പാതയോരത്താണ് മണിയാർ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നത്. ഗവിയും സമീപ പ്രദേശമായ പെരുന്തേനരുവിയും കൂട്ടിയോജിപ്പിച്ച് ബൃഹത്തായ ഒരു ടൂറിസം പദ്ധതി തന്നെ ഭാവിയിൽ പ്രതീക്ഷിക്കാവുന്നതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.