വിഎസിന് ഗ്രൂപ്പ് ഉണ്ടായിരുന്നില്ലെന്ന് കെ.സി. രാജഗോപാൽ
1581669
Wednesday, August 6, 2025 3:55 AM IST
പത്തനംതിട്ട: വി.എസ്.അച്യുതാനന്ദന് ഗ്രൂപ്പ് ഉണ്ടായിരുന്നില്ലെന്ന് മുൻ എംഎൽഎ കെ.സി. രാജഗോപാൽ. പത്തനംതിട്ട പ്രസ്ക്ലബിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദൻ, പ്രഫ.എം.കെ. സാനു അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
അനീതികൾക്കും അഴിമതിക്കുമെതിരേയുള്ളതായിരുന്നു വിഎസിന്റെ പക്ഷം. തെറ്റു ചെയ്തവരോട് അദ്ദേഹത്തിനു യാതൊരു ഒത്തുതീർപ്പുമില്ലായിരുന്നു. അവരിൽ നിന്ന് അകന്നു നിൽക്കാൻ വിഎസ് എപ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.
തന്റെ നിലപാടുകൾക്കായി ശക്തിയുക്തം പോരാടിയ വ്യക്തിത്വമായിരുന്നു പ്രഫ.എം.കെ. സാനുവിന്റേതെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി പറഞ്ഞു.
ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഒരിക്കലും നഷ്ടമാകില്ല. കേരളീയ സമൂഹത്തിൽ അത്രമാത്രം സ്വാധീനം ചെലുത്താൻ എം.കെ. സാനുവിനു കഴിഞ്ഞിരുന്നുവെന്നും പുതുശേരി അഭിപ്രായപ്പെട്ടു.
പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യന്റെ അധ്യക്ഷതയിൽ സെക്രട്ടറി ജി. വിശാഖൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനിയ ബാബു നന്ദിയും പറഞ്ഞു.