കുട്ടനാട് പൂരം 28 മുതൽ തിരുവല്ലയിൽ
1581676
Wednesday, August 6, 2025 4:04 AM IST
പത്തനംതിട്ട : ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടനാട് പൂരം അറ്റ് തിരുവല്ല കാർണിവൽ 28 മുതൽ സെപ്റ്റംബർ 14 വരെ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും.
സെപ്റ്റംബർ നാലിന് ഉച്ചകഴിഞ്ഞ് രണ്ടിന് നീരേറ്റുപുറം പന്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 67-ാംമത് കെ. സി. മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസ് വള്ളംകളിയുടെ ഭാഗമായാണ് ഇത്തവണ വിപുലമായ കാർണിവൽ തിരുവല്ലയിൽ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കുട്ടനാടിന്റെ സമൃദ്ധമായ പാരമ്പര്യവും സാംസ്കാരികതയുടെ അടയാളങ്ങളുമായി പുതിയ തലമുറയെ ചേർത്തുപിടിക്കാനും കേരളത്തിനകത്തും പുറത്തുമുള്ള കലയും കൈത്തറിയും പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് കുട്ടനാട് പൂരം.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ മറ്റു പ്രമുഖ സ്ഥാപനങ്ങൾ എന്നിവ അണിനിരക്കും. വൈകുന്നേരം കലാപരിപാടികളും ഉണ്ടാകും. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, എംഎസ്എംഇ സംരംഭങ്ങളുമായി ബന്ധപ്പെട്ട സ്റ്റാളുകൾ, നാടൻ ഉത്പന്നങ്ങൾ, ഭക്ഷണശാലകൾ, കേരളീയ, അന്തർ സംസ്ഥാന വിഭവങ്ങൾ അടങ്ങിയ വിപുലമായ മാർക്കറ്റ് സ്റ്റാളുകൾ, മത്സ്യം, കൃഷി തുടങ്ങിയ കാർഷിക മേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ ലൈവ് ഡെമോകളും അരങ്ങേറും.
ലോഗോ പ്രകാശനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംഘാടക സമിതി വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റയ്ക്ക് നൽകി പ്രകാശനം ചെയ്തു.
സെപ്റ്റംബർ നാലിനു നടക്കുന്ന വള്ളംകളിയുടെ പതാക ഉയർത്തൽ 26ന് പമ്പാവാട്ടർ സ്റ്റേഡിയത്തിൽ നടത്തും. 30 ൽപരം കളി വള്ളങ്ങളെ പങ്കെടുപ്പിക്കുന്നതിനു വേണ്ട ക്രമീകരണങ്ങളാണ് നടന്നുവരുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.
പമ്പ ബോട്ട് റേസ് ക്ലബ് വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി. തോമസ്, ചീഫ് കോഓർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്, ഭാരവാഹികളായ തോമസ് വർഗീസ്, അനിൽ സി. ഉഷസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.