സിസ്റ്റം ഫെയിലറാണ് സാർ, ഫയൽ നീങ്ങില്ല! തൊടുന്യായങ്ങളുയർത്തി വിദ്യാഭ്യാസ ഓഫീസ്
1581662
Wednesday, August 6, 2025 3:55 AM IST
പത്തനംതിട്ട: റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന്റെ ഭര്‍ത്താവ് വി.ടി. ഷിജോ (47) ജീവനൊടുക്കിയ വിവാദത്തില്‍ തൊടുന്യായങ്ങളുയർത്തി വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ വീഴ്ച മറയ്ക്കാന്‍ ശ്രമം.
കേസും വ്യവഹാരങ്ങളും മറ്റുമായി വര്‍ഷങ്ങള്‍ നീണ്ട വിഷയത്തില്‍ ഡിഇ ഓഫീസില്‍നിന്നു കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജനുവരി മുതല്‍ ഇക്കഴിഞ്ഞ ജൂലൈ രണ്ട് വരെ ലേഖ രവീന്ദ്രന് ശമ്പളം കൈപ്പറ്റിയിരുന്നു. കിട്ടാനുള്ളത് 2012 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ശമ്പള കുടിശികയാണ്.
ഇതു സ്കൂളില്‍നിന്നു സ്പാര്‍ക്കില്‍ അപ്ലോഡ് ചെയ്യുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി ലഭിക്കുന്നതാണെന്നാണ് വാദം. എന്നാൽ, സ്പാർക്കിൽ അപ് ലോഡ് ചെയ്യുന്നതിനു മുന്‍പായുള്ള ഓഥന്റിക്കേഷനു പ്രഥമാധ്യാപിക നൽകിയ അപേക്ഷ ഉൾപ്പെടെ വൈകിപ്പിച്ചതിൽ ഉത്തരമില്ല.
ഏഴു മാസം അടയിരുന്നു
ലേഖയുടെ ശന്പളം നൽകിയെന്നു പറയുന്നതാകട്ടെ ജോലിക്കു കയറിയ കാലഘട്ടത്തിലെ അടിസ്ഥാന ശന്പളമാണെന്നതും മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ബിൽ പാസാക്കുന്നതിലാണ് കാലതാമസമുണ്ടായതെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
2024 നവംബറിലെ കോടതി ഉത്തരവും പിന്നീട് വിദ്യാഭ്യാസ വകുപ്പിൽനിന്നു ലഭിച്ച ഉത്തരവും നടപ്പാക്കുന്നതിൽ ഏഴ് മാസത്തിലേറെ കാലതാമസം ഉണ്ടായെന്നതാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസിനെതിരേ ഉയരുന്ന ആരോപണം.
13 വർഷം ശന്പളം ലഭിക്കാതെ ജോലി ചെയ്ത ഒരു അധ്യാപികയ്ക്കു നീതിപീഠം നീതി ഉറപ്പാക്കിയപ്പോൾ അതംഗീകരിച്ച് തുടർ നടപടി സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയത്.
സസ്പെന്ഷന് ഉത്തരവ് ഇങ്ങനെ
കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ലേഖയുടെ നിയമനം ഉപാധികളോടെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. അധ്യാപികയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിനു പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
കോടതിവിധി പരിശോധിച്ച് ചട്ടപ്രകാരം നടപടി സ്വീകരിക്കാൻ കഴിഞ്ഞ ജനുവരി 17 സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് ആവശ്യപ്പെട്ടു ജനുവരി 31ന് ഇതു സംബന്ധിച്ചു സ്കൂള്‍ പ്രധാനാധ്യാപികയ്ക്കു നിര്‍ദേശം നല്‍കിയതിനു ശേഷം ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില്‍ മറ്റ് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ഉദ്യോഗസ്ഥര്‍ തീര്‍പ്പാക്കി,
സ്പാര്‍ക്ക് ഓഥന്റിക്കേഷന് സ്കൂള്‍ പ്രധാനാധ്യാപിക നല്കിയ അപേക്ഷയില്‍ തീരുമാനമെടുക്കാതെ വച്ചു താമസിപ്പിച്ചു എന്നിവയാണ് ഉദ്യോഗസ്ഥരുടെ വീഴ്ചയായി സസ്പെന്ഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
തർക്കം ഉടലെടുത്തത് 2012ൽ
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ രണ്ട് അധ്യാപികമാര്‍ തമ്മിലുളള കേസും കോടതി വ്യവഹാരവും 2012ലാണ് ആരംഭിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്കൂളില്‍ 2004ല്‍ എച്ച്എസ്എ നാച്വറല്‍ സയന്‍സ് അധ്യാപികയായി സൈജു സഖറിയ എന്ന അധ്യാപിക ജോലിക്കു കയറിയിരുന്നു.
2008-09 കാലഘട്ടത്തില്‍ ഡിവിഷന് ഫാളിനെത്തുടര്ന്ന് സൈജുവിനു ജോലി നഷ്ടമായി. തുടര്‍ന്ന് ഇവര്‍ ജോലി രാജിവച്ച് മാനേജ്മെന്റിന് കത്തു നൽകിയതായി പറയുന്നു. എന്നാൽ, ഈ രാജി മാനേജ്മെന്റ് ഡിഇഒയ്ക്കു സമർപ്പിച്ച് അംഗീകാരം വാങ്ങിയില്ല. തുടര്‍ന്ന് 2011-12 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിലവില്‍ വന്ന അധ്യാപക പാക്കേജില്‍ സൈജുവും ഉള്‍പ്പെട്ടു.
ഹൈക്കോടതിയിലേക്ക്
2012ല്‍ സ്കൂളില്‍ ഒഴിവുവന്ന അധ്യാപക തസ്തികയില്‍ യുപിഎസ്എ ആയി ലേഖ രവീന്ദ്രനെ മാനേജ്മെന്റ് നിയമിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന ആളെന്ന നിലയില്‍ സൈജു ഈ തസ്തികയിലേക്ക് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ചട്ടപ്രകാരം തനിക്കാണ് ജോലിക്ക് അവകാശം എന്നു ചൂണ്ടിക്കാട്ടിയാണ് സൈജു കോടതിയെ സമീപിച്ചത്. സ്കൂള്‍ മാനേജരെയും ലേഖ രവീന്ദ്രനെയും എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.
സൈജുവിന്റെ രാജി സംബന്ധിച്ച് മാനേജ്മെന്റ് ഉന്നയിച്ച വാദം കോടതി അംഗീകരിച്ചെങ്കിലും തീരുമാനം സർക്കാരിനു വിട്ടു. രാജി വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ലെങ്കിലും പിഎഫ് അവസാനിപ്പിച്ചതു ചൂണ്ടിക്കാട്ടിയാണ് സൈജുവിന്റെ വാദത്തെ മാനേജ്മെന്റ് നേരിട്ടത്. തുടർന്നു ലേഖയുടെ നിയമനം സര്‍ക്കാര്‍ അംഗീകരിച്ചു.
പുതിയ നിയമനം
ലേഖയ്ക്കു ശമ്പളം കൊടുക്കുന്ന ഘട്ടമായപ്പോള്‍ സൈജു ഹൈക്കോടതിയെ വീണ്ടും സമീപിച്ച് സര്‍ക്കാര്‍ തീരുമാനത്തിനു സ്റ്റേ വാങ്ങി. സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഇതോടെ ലേഖയ്ക്കു ശമ്പളം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിര്‍ത്തിവച്ചു. കേസില്‍ അന്തിമ വിധി 2024 സെപ്റ്റംബറിലാണ് വന്നത്. ലേഖയുടെ നിയമനം അംഗീകരിക്കാനുളള വിധിക്കെതിരേ സൈജു അപ്പീല്‍ പോയി. തത്സ്ഥിതി നിലനിര്‍ത്താന്‍ നവംബറില്‍ കോടതി ഉത്തരവിട്ടു.
തുടര്‍ന്ന് ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ അന്തിമവിധി വന്നു. ഇതു പ്രകാരം ലേഖയുടെ ശമ്പളം നല്‍കണം. ഇനി വരുന്ന ഒഴിവില്‍ സൈജുവിനു നിയമനം നല്‍കാമെന്നു മാനേജ്മെന്റ് സത്യവാങ്മൂലം നല്‍കണം എന്നിവയായിരുന്നു നിര്‍ദേശങ്ങൾ. നിലവില്‍ സൈജു ബിആര്‍സി കോ ഓര്‍ഡിനേറ്ററാണ്. പുതിയ നിയമനം വരുന്നതു വരെ സൈജുവിനെ ആ തസ്തികയില്‍ നിലനിര്‍ത്തും.