കന്യാസ്ത്രീമാർക്കെതിരേയുള്ള കേസ് പിൻവലിക്കണം: ക്രിസ്ത്യൻ മൂവ്മെന്റ്
1581938
Thursday, August 7, 2025 3:34 AM IST
പത്തനംതിട്ട: ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീമാരെ ബജ്റംഗ്ദൾ പ്രവർത്തകർ അകാരണമായി തടഞ്ഞുവച്ച് ആൾക്കൂട്ട വിചാരണ ചെയ്തും മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് എടുത്തിട്ടുള്ളതുമായ കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ക്രിസ്ത്യൻ മൂവ്മെന്റ് ഓഫ് ഇന്ത്യ ജില്ലാ ഘടകം ആവശ്യപ്പെട്ടു.
രാജ്യത്തു വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ മതേതരത്വത്തെയും സമൂഹ മനഃസാക്ഷിയെയും ആഴത്തിൽ മുറിപ്പെടുത്തുന്നതും രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തുന്നതാണെന്നും ക്രിസ്ത്യൻ മൂവ്മെന്റ് അഭിപ്രായപ്പെട്ടു.
ജാതി-വർണ-വർഗ ശക്തികൾ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന സ്ഥിതിവിശേഷം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തി ഇത്തരക്കാർക്കെതിരേശക്തമായ നടപടി കൈക്കൊളളണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അലക്സ് മാമ്മന്റെ അധ്യക്ഷതയിൽ ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ, ഫിലിപ്പോസ് വർഗീസ്, സി.എസ്. ചാക്കോ, പ്രഭാ ഐപ്പ് , ജാക്സൺ ജോസഫ്, ജെറി കുളക്കാടൻ, ജോർജ് ഉമ്മൻ, വിൻസി സഖറിയ എന്നിവർ പ്രസംഗിച്ചു.