വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സര്‍ക്കാരിന്റെ ഒത്താശയോടെ: ഷാനിമോള്‍ ഉസ്മാന്
1581937
Thursday, August 7, 2025 3:34 AM IST
പത്തനംതിട്ട: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ സിപിഎം നേതാക്കളുടെ ഇംഗിതമനുസരിച്ച് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വ്യാപകമായ ക്രമക്കേടാണ് നടത്തിയിട്ടുള്ളതെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുവാന്‍ നടത്തിയ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, തെരഞ്ഞെടുപ്പ് കോ-ഓർഡിനേറ്റര്‍മാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷാനിമോൾ.
വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പുതന്നെ സിപിഎം നേതാക്കള്‍ക്ക് പട്ടിക ചോര്‍ത്തി നല്‍കുകയും നിശ്ചയിച്ച തീയതിയില്‍ പട്ടിക പ്രസിദ്ധീകരിക്കാതിരിക്കുകയും സ്വാഭാവിക അതിര്‍ത്തികള്‍ മാറ്റിമറിച്ച് ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെയും മുനിസിപ്പാലിറ്റികളിലും വാര്‍ഡ് വിഭജനം ക്രമരഹിതമായാണ് നടത്തിയതെന്നും ഇതിനെതിരേ നിയമപരവും അല്ലാത്തതുമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷാനിമോള്‍ ഉസ്മാന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ എം.എം. നസീര്‍, പഴകുളം മധു തുടങ്ങിയവർ പ്രസംഗിച്ചു.