കക്കി - ആനത്തോട് ഡാമിൽ റെഡ് അലർട്ട്; ഷട്ടറുകൾ ഇന്നലെ തുറന്നില്ല
1581665
Wednesday, August 6, 2025 3:55 AM IST
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി - ആനത്തോട് സംഭരണിയിൽ റെഡ് അലർട്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിൽ വേണ്ടെന്നുവച്ചു.
റിസര്‍വോയറിന്റെ നാല് ഷട്ടറുകള്‍ 30 മുതല്‍ 60 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 50 മുതല്‍ പരമാവധി 100 ക്യൂമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിലേക്ക് ഒഴുക്കാനായിരുന്നു തീരുമാനം. സംഭരണിയിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തുനായിരുന്നു ഇത്.
കക്കി - ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി സമുദ്ര നിരപ്പില്‍ നിന്നും 981.46 മീറ്ററാണ്. കെഎസ്ഇബി, ജില്ലാ ദുരന്ത നിവാരണ അഥോറ്റി അംഗീകാരപ്രകാരം 2025 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്ററാണ്.
കക്കി - ആനത്തോട് റിസര്‍വോയറില്‍ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് ജലനിരപ്പ് യഥാക്രമം 973.75 മീറ്റര്‍, 974.75 മീറ്റര്‍, 975.25 മീറ്ററിലെത്തുമ്പോഴാണ്. ജലസംഭരണിയിലെ ഇപ്പോഴെത്തെ നീരൊഴുക്ക് 63 ക്യൂമെക്സ് ആണ്. നിലവില്‍ 975.71 മീറ്റര്‍ ജലനിരപ്പായതിനാല്‍ ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.