അപകടഭീഷണിയുമായി മൂടിയില്ലാത്ത ഓടകൾ
1581941
Thursday, August 7, 2025 3:34 AM IST
അടൂർ: അടൂർ തിരക്കേറിയ വൺവേ റോഡിൽ ഓടകൾക്ക് മൂടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു. നഗരസഭാ കാര്യാലയത്തിനു മുന്നിലായി പോലീസ് സ്റ്റേഷനിലേക്കുള്ള വഴിയിലേക്ക് തിരിയുന്ന ഭാഗത്തെ ഓടകളാണ് മൂടിയില്ലാതെയും ചെളി നിറഞ്ഞും കിടക്കുന്നത്.
ഓടയ്ക്ക് ആറ് അടിയിലേറെ താഴ്ചയുണ്ട്. റോഡിലൂടെ പോകുന്ന വലിയവാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരു ചക്രവാഹനങ്ങൾ തെന്നിമാറി ഓടയിൽ പതിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞദിവസം ഓടയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിംഗ് ബോർഡ് വാഹനം ഇടിച്ച് തകർത്തിരുന്നു.
പോലീസ് സ്റ്റേഷൻ, നിരവധി സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന റവന്യു ടവർ, കോടതി, നഗരസഭാ കാര്യാലയം, ശ്രീമൂലം മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കു പോകുന്ന കാൽനട
യാത്രക്കാരും വാഹന യാത്രക്കാരും സഞ്ചരിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കുള്ള റോഡാണിത്. കൂടാതെ ധാരാളം സ്കൂൾ വിദ്യാർഥികളും കടന്നുപോകുന്ന ഈ റോഡിൽ കാൽവഴുതി ഓടയിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്.
മൂടിയില്ലാത്ത ഓടയ്ക്കു മുകളിൽ എത്രയും പെട്ടെന്ന് സ്ലാബിട്ട് അപകട ഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.