ആറന്മുള വിഎച്ച്എസ്എസ് കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി
1581674
Wednesday, August 6, 2025 4:04 AM IST
ആറന്മുള: ആറന്മുള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. കഴിഞ്ഞ മേയിൽ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടമാണ് ഇപ്പോൾ അൺഫിറ്റ് ആയി കണ്ടെത്തിയത്. ഇതോടെ ഈ കെട്ടിടത്തിലെ ഏഴു ക്ലാസുകൾ ഓഡിറ്റോറിയത്തിലേക്കു മാറ്റിയിരിക്കുകയാണ്.
ഇന്നലെ രാവിലെ കുട്ടികൾ എത്തിയപ്പോഴാണ് കെട്ടിടത്തിൽ ക്ലാസുകൾ നടക്കില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ മഴയിൽ കുട്ടികൾ കാത്തുനിന്നു. എട്ട്, ഒമ്പത്, പത്ത് ഹൈസ്കൂൾ ഡിവിഷനുകളും വിഎച്ച്എസ്എസ് ക്ലാസ് മുറികളും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം ഫിസിക്സ്, കെമിസ്ട്രി, ഐടി ലാബുകൾ, ഹൈസ്കൂൾ സ്റ്റാഫ് റൂം, പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ മുറികൾ, ഓഫീസ് എന്നിവയും മാറ്റി. അൺഫിറ്റായ കെട്ടിടത്തിലേക്കു കുട്ടികളടക്കം ആരും പ്രവേശിക്കരുതെന്നു കർശന നിർദേശവും നൽകി.
1972ലെ കെട്ടിടം
1972 ഒക്ടോബർ 14ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്ത പ്രധാന ഇരു നില കെട്ടിടത്തിനാണ് ഫിറ്റ്നസ് നഷ്ടമായത്. അന്നു മികച്ച നിലവാരത്തോടെയായിരുന്നു നിർമാണം. 52 വർഷം കഴിഞ്ഞിട്ടും കാര്യമായ യാതൊരു തകരാറും കെട്ടിടത്തിന് ഉണ്ടായില്ല. അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പിറ്റിഎയും ചേർന്നു പരാതി നൽകിയിരുന്നു.
തെളിവിനായി ഫോട്ടോകളും അപേക്ഷയ്ക്കൊപ്പം ചേർത്തിരുന്നു. പക്ഷേ, നടപടി ഉണ്ടായില്ല. കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ ഈ വർഷം സുഗമമായ രീതിയിൽ പഠനം നടക്കുമായിരുന്നുവെന്നു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പകരം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി പിറ്റിഎയെയും അധ്യാപകരെയും വിദ്യാർഥികളെയും തെറ്റിദ്ധരിപ്പിക്കുകയാണ് അധികൃതർ ചെയ്തത്.
ക്ലാസ്മുറികളുടെ അപര്യാപ്തത
പ്രധാന കെട്ടിടം അടച്ചതോടെ ഇനിയുള്ള ദിവസങ്ങളിൽ ക്ലാസ്മുറികളുടെ അപര്യാപ്തത പഠനത്തെ ബാധിക്കും. ഓഡിറ്റോറിയത്തിൽ ക്ലാസ് തിരിച്ചാണ് വിദ്യാർഥികളെ ഇരുത്തിയിട്ടുള്ളതെങ്കിലും മറയ്ക്കാൻ സ്ക്രീൻ ലഭ്യമായിട്ടില്ല. ഇതുമൂലം സമീപ ക്ലാസുകളിലെ അധ്യാപനം പരസ്പരം ബുദ്ധിമുട്ടാകുന്നു.
സ്കൂളിനുവേണ്ടി ഏറ്റവും ഒടുവിൽ നിർമിച്ച കെട്ടിടത്തിൽ നാലു ക്ലാസ് മുറികൾ മാത്രമാണുള്ളത്. ഏഴ് ക്ലാസ് റൂമുകൾ ഉണ്ടെങ്കിൽ മാത്രമേ എല്ലാ ബാച്ചുകൾക്കും സൗകര്യമായി പഠനം നടത്താൻ കഴിയൂ.
പത്തു വർഷം മുമ്പ് കേവലം 67 വിദ്യാർഥികൾ മാത്രമായി ഹൈസ്കൂൾ ശോചനീയമായ അവസ്ഥയിലേക്കു നീങ്ങിയിരുന്നു. എന്നാൽ, പിടിഎയുടെ ശ്രമഫലമായി ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ മാത്രം 300ൽപരം വിദ്യാർഥികൾ പഠിക്കുന്നു. വിഎച്ച്എസ്എസ് ഇയിൽ രണ്ടു ബാച്ചുകളായി 110 വിദ്യാർഥികളുമുണ്ട്.