കോലറയാർ നവീകരണം പുരോഗമിക്കുന്നു
1581940
Thursday, August 7, 2025 3:34 AM IST
തിരുവല്ല : ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോലറയാർ നവീകരണം പുരോഗമിക്കുന്നു. മാലിന്യം മൂടി നീരൊഴുക്ക് നിലച്ചുനാശത്തിന്റെ വക്കിലായ കോലയാറിനെ വീണ്ടെടുക്കാനുള്ള നടപടിക്കു കോലറയാർ സംരക്ഷണസമിതിയാണ് തുടക്കം കുറിച്ചത്.
പമ്പയുടെ കൈവഴിയായി കടപ്ര പഞ്ചായത്തിലെ അറയ്ക്കൽ മുയപ്പിൽ നിന്ന് ആരംഭിച്ച് 11.5 കിലോമീറ്റർ ദൂരത്തിൽ ഒഴുകുന്ന കോലറയാർ പമ്പയുടെതന്നെ കൈവഴിയായ നിരണം അരീത്തോട്ടിൽ പതിക്കും. വാഹന ഗതാഗത സൗകര്യം ഇല്ലാതിരുന്ന കാലത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകളും ചരക്ക് നീക്കത്തിനായി കെട്ടുവള്ളങ്ങളും കടന്നു പോയിരുന്ന തോടാണ് ഇത്.
കാലം പുരോഗമിച്ചതോടെ ജലഗതാഗത്തിനു പ്രസക്തി കുറഞ്ഞു. ഇതിനുപിന്നാലെ നിരവധി ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ തോട് കൈയേറി. കാലക്രമേണ മണ്ണും മാലിന്യവും അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചു. മാത്യു ടി. തോമസ് എംഎൽഎയുടെ ഇടപെടലിന്റെ ഫലമായി എട്ടുവർഷം മുമ്പ് ജലസേചന വകുപ്പിൽനിന്ന് അനുവദിച്ച നാലരക്കോടി രൂപ ചെലവഴിച്ച് തോട് ആഴംകൂട്ടി നവീകരിച്ചിരുന്നു.
ആഴം കൂട്ടലടക്കമുള്ള പദ്ധതികൾ ഒന്നുംതന്നെ നടക്കാതെ വന്നതോടെ വീണ്ടും പോളയും പായലും മാലിന്യങ്ങളും അടിഞ്ഞു. മഴക്കാലം ആകുന്പോൾ വെള്ളക്കെട്ടു കാരണം പ്രളയദുരിതവും ഏറി.
പത്തനംതിട്ട ജില്ലയിൽ ഏറ്റവും അധികം നെല്ല് ഉത്പാദനം നടക്കുന്ന പഞ്ചായത്തായ നിരണത്തെ പാടശേഖരങ്ങളിലേക്ക് കൃഷിക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിനുള്ള മാർഗംകൂടിയാണ് കോലറയാർ. നവീകരണത്തിന്റെ ഭാഗമായി നിരണം പഞ്ചായത്തിലെ പൂവമ്മേലി മുതൽ ഇലഞ്ഞിക്കൽ പാലം വരെയുള്ള ഭാഗത്തെ പോളയും പായലും കഴിഞ്ഞ ദിവസങ്ങളിലായി നീക്കം ചെയ്തിട്ടുണ്ട്.
വരും ദിവസങ്ങളിൽ നിരണം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഭാഗത്തെ നവീകരണം പൂർത്തിയാക്കുക എന്നതാണ് സമിതി ലക്ഷ്യമിടുന്നത്. രണ്ടാഴ്ചകൊണ്ട് കടപ്ര പഞ്ചായത്തിലെ ഭാഗങ്ങൾകൂടി വൃത്തിയാക്കി കോലറയാറിനെ വീണ്ടെടുക്കാനാണ് സംരക്ഷണസമിതിയുടെ ശ്രമം.
ഏബ്രഹാം മത്തായി, റോബി തോമസ്, പി.ഒ. മാത്യു, വി.ടി. ബിനീഷ് കുമാർ, ദാനിയേൽ തോമസ്, രതീഷ് കുമാർ, റിജോ, റെന്നി തേവേരിൽ, അജിൽ പുരയ്ക്കൽ, മോനിച്ചൻ മാന്ത്രയിൽ, രതീഷ് തരിശിൽ, പ്രസാദ് പനയ്ക്കാമറ്റം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.