ടോറസ് ലോറിയിൽനിന്ന് ഡീസൽ ചോർന്നു; അത്തിക്കയം പാതയിൽ ഗതാഗതം തടസപ്പെട്ടു
1582197
Friday, August 8, 2025 3:40 AM IST
റാന്നി: ടോറസ് ലോറിയിൽനിന്നും ഇന്ധനം ചോർന്നതോടെ റോഡിലൂടെയുള്ള യാത്ര തടസപ്പെട്ടു. ചെത്തോങ്കര - അത്തിക്കയം റോഡിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് റാന്നിയിൽ നിന്നും പെരുനാട്ടിലേക്കു പോയ ലോറിയിൽ നിന്നും കരികുളം മുതൽ അത്തിക്കയം ടൗൺ വരെ ഡീസൽ ചോർന്നത്.
ആദ്യം ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുകയായിരുന്നു. പിന്നീടാണ് ടിപ്പർ പോയ വഴിയിൽ റോഡു നീളെ ഡീസൽ വീണതാണെന്ന് കണ്ടെത്തിയത്. ഇതിനിടെ ഡീസൽ ചോർച്ചയുണ്ടായ വാഹനം രണ്ടു തവണ റോഡിൽ കിടന്നു.
പിന്നീട് ഒരു വിധത്തിൽ അത്തിക്കയം ഭാഗത്തെത്തിയ ടൊറസ് ഫെഡറൽ ബാങ്കിനു സമീപം മുന്നോട്ടു പോകുന്നതിനു പകരം നിയന്ത്രണം വിട്ട് റോഡിനുകുറുകെയായി.
ഇതേത്തുടർന്ന് മറ്റു വാഹനങ്ങളുടെ യാത്രയും തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസും പിന്നീട് ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്.