കേരളത്തിൽ നടക്കുന്നത് മേനിനടിക്കൽ മാത്രമെന്ന് ഗവർണർ രാധാകൃഷ്ണൻ
1582460
Saturday, August 9, 2025 3:56 AM IST
പത്തനംതിട്ട: കേരളം നമ്പര്‍ വണ്‍ സംസ്ഥാനമെന്നു മേനി നടിക്കുമ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്. എന്‍ജിഒ സംഘിന്റെ 46-ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസരംഗത്ത് മുന്നിലാണെന്നുപറയുമ്പോഴും യുവജനങ്ങള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകാനാണ് താത്പര്യം. ചികിത്സക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരും നിരവധിയാണ്.
കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പലമേഖലയിലും തഴയപ്പെടുന്നു. സര്‍ക്കാര്‍ നടപ്പാക്കുന്ന പങ്കാളിത്ത പെന്ഷന് ജീവനക്കാരന് സാമ്പത്തിക സുരക്ഷ നല്‍കുന്നില്ല. മറ്റു പല സംസ്ഥാനങ്ങളും പെൻഷന് സമ്പ്രദായം പരിഷ്ക്കരിച്ചു നടപ്പാക്കുമ്പോഴും കേരളം അതിനു തയാറായിട്ടില്ലെന്ന് സി.പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാനും മുന്‍ ജില്ലാ കളക്ടറുമായ ടി.ടി.ആന്റണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ എസ്. ഗിരീഷ് നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം കുമ്മനം രാജശേഖരനും സെമിനാർ കെ. രാമൻപിള്ളയും ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ജീവനക്കാരുടെ പ്രകടനവും നടന്നു. സമ്മേളനം ഇന്നു സമാപിക്കും.