ശാരിമോൾ കൊലക്കേസിൽ ഭർത്താവിനെ തെളിവെടുപ്പിനെത്തിച്ചു
1582199
Friday, August 8, 2025 3:40 AM IST
കോഴഞ്ചേരി : ഭാര്യ കുത്തേറ്റു മരിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കവിയൂര്‍ കോട്ടൂര്‍ മുട്ടത്തുപാറയില് അജികുമാറിനെ (42) തെളിവെടുപ്പിനെത്തിച്ചു. കുത്തേറ്റു മരിച്ച ഭാര്യ ശാരിമോളുടെ കുടുംബവീടായ പുല്ലാട് - കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് അജികുമാറിനെ എത്തിച്ചത്.
കനത്ത പോലീസ് ബന്തവസിലായിരുന്നു ഇയാളെ കൊണ്ടുവന്നതെങ്കിലും രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും ബഹളം കൂട്ടുകയും കൂക്കി വിളിക്കുകയും ചെയ്തു. ഇയാൾക്കുനേരേ സ്ത്രീകളടക്കമുള്ളവർ പാഞ്ഞടുത്തുവെങ്കിലും പോലീസ് ഇടപെട്ട് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അജികുമാർ ഇതേവീട്ടിൽ ഭാര്യ ശാരിമോളെ കുത്തിവീഴ്ത്തിയത്. തടസം പിടിക്കാനെത്തിയ ഭാര്യാപിതാവ് ശശിയെയും ശാരിയുടെ സഹോദരി രാധാമണിയെയും ആക്രമിച്ചു. പരിക്കേറ്റ ശാരിമോൾ ഞായറാഴ്ച പുലർച്ചെ മരിച്ചു.
ബുധനാഴ്ചയാണ് അജികുമാറിനെ പിടികൂടാനായത്. കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ തെളിവെടുപ്പിനു കൊണ്ടുവന്നതെങ്കിലും ഇതു സാധ്യമായില്ല. ആയുധം ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി പരസ്പരവിരുദ്ധമായ മൊഴികളാണ് ഇയാള്‍ പോലീസിനുനല്കുന്നത്. സംഭവം സംബന്ധിച്ചു പോലീസിനു വിശദീകരണം നൽകി.
കുറച്ചുസമയം മാത്രമേ തെളിവെടുക്കുന്നതിനായി വീട്ടില്‍ വിനിയോഗിച്ചുള്ളൂ. അറസ്റ്റിനേ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നായിരുന്ന പോലീസ് പറഞ്ഞിരുന്നത്. എന്നാൽ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കുന്നതിനായി തീരുമാനം മാറ്റുകയായിരുന്നു. കസ്റ്റഡി അപേക്ഷയും നൽകുമെന്ന് കോയിപ്രം പോലീസ് അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് തിരുവല്ല വൈഎംസിഎ ജംഗ്ഷനുസമീപമുള്ള സ്വകാര്യബാറിനടുത്ത് മീന്‍ചന്തയില്‍നിന്ന് സ്പെഷല്‍ ബ്രാഞ്ച് പോലീസിന്റെ സഹായത്തോടെ തിരുവല്ല പോലീസ് അജികുമാറിനെ പിടികൂടുകയായിരുന്നു.
തിരുവല്ല പോലീസ് ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.