പോക്സോ കേസ് പ്രതിക്ക് 34 വർഷം കഠിനതടവും പിഴയും
1582451
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 34 വർഷം കഠിന തടവും 1,65,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. കോട്ടാങ്ങൽ വയ്പൂര് കൊടുമുടിശേരിപ്പടിയിൽ ബിജു കെ. ആന്റണി (59) യെയാണ് ശിക്ഷിച്ചത്.
സ്പെഷൽ ജഡ്ജി ടി. മഞ്ചിത്തിന്റേതാണ് വിധി. പെരുമ്പെട്ടി പോലീസ് 2023 രജിസ്റ്റർ ചെയ്ത കേസിലാണ് വിധി പുറപ്പെടുവിച്ചത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പിന്നീടു പലതവണ ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പോലീസ് ഇൻസ്പെക്ടർ എം. ആർ. സുരേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പിഴ അടക്കാതിരുന്നാൽ ഒമ്പതര മാസത്തെ അധികകഠിന തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ഹസീന പങ്കാളിയായി.