കോഴ്സ് പൂർത്തിയായതിനു പിന്നാലെ ചെന്നീർക്കര ഐടിഐ വിദ്യാർഥികൾക്ക് നിയമന ഉത്തരവ്
1582459
Saturday, August 9, 2025 3:56 AM IST
പത്തനംതിട്ട: കോഴ്സ് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം മുഴുവൻ വിദ്യാർഥികൾക്കും ജോലിക്കുള്ള നിയമന ഉത്തരവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നീർക്കര ഗവൺമെന്റ് ഐടിഐയിലെ ജീവനക്കാരും വിദ്യാർഥികളും. ഫുഡ് പ്രൊഡക് ക്ഷൻ ജനറൽ ട്രേഡിൽ, കോഴ്സ് പൂർത്തിയാക്കിയ 40 വദ്യാർഥികളെയാണ്, സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള വിവിധ സ്റ്റാർ ഹോട്ടലുകളിലേക്ക് ഷെഫ് ജോലിക്കായി ക്ഷണിച്ചിട്ടുള്ളത്.
തുടർച്ചയായ നാലാം തവണയാണ് ഫുഡ് പ്രൊഡക്ഷൻ ജനറൽ (എഫ്പിജി) ട്രേഡിൽ കോഴ്സ് പൂർത്തിയാക്കിയ ഉടൻ മുഴുവൻ വിദ്യാർഥികൾക്കും ജോലിക്കായി വിവിധ സ്ഥാപനങ്ങൾ ഓഫർ ലെറ്റർ നൽകുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നടക്കമുള്ള വിദ്യാർഥികൾക്കാണ് പ്ലേസ്മെന്റ് ലഭിച്ചതെന്നും ചെങ്ങന്നൂർ ഐടിഐയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പ്രിൻസിപ്പൽ ആർ. സ്നേഹലത പറഞ്ഞു.
ചെന്നീർക്കര ഐടിഐ ഹാളിൽ നടന്ന യോഗം പിടിഎ പ്രസിഡന്റ് കെ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം കെ. സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ആർ. സ്നേഹതേ നിയമന ഉത്തരവുകൾ കൈമാറി. ചടങ്ങിൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ കെ. അശോക് കുമാർ, ആർ. ഷൈലജ, ആർ. വിനോദ് , തിൽഷത്ത് ബീഗം, ബിപിൻ വി. നാഥ്, സി.കെ. ശ്രീജിത്ത്, രഞ്ജിനി റാം, അരുൺ ഷാജി, ന്യുവിൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.