ദീപികയുടേത് സാമൂഹിക പ്രതിബദ്ധതയുടെ മാധ്യമശൈലി: ഡിഎഫ്ഒ
1582448
Saturday, August 9, 2025 3:45 AM IST
ആവേശം വിതറി കളർ ഇന്ത്യ സീസൺ 4
റാന്നി: മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി കുട്ടികളെ അണിനിരത്തിയുള്ള കളർ ഇന്ത്യ മത്സരം സംഘടിപ്പിച്ചതിലൂടെ പത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഉയർത്തിക്കാട്ടിയിരിക്കുന്നതെന്ന് റാന്നി ഡിഎഫ്ഒ എൻ. രാജേഷ്. ദീപിക കളർ ഇന്ത്യ മത്സരത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം റാന്നി സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളിൽ ദേശീയബോധവും പൗരബോധവും ഉയർത്തിക്കൊണ്ടുവരുന്നതിനൊപ്പം ലഹരി പോലെയുള്ള സാമൂഹിക വെല്ലുവിളികൾക്കെതിരേയുള്ള പോരാട്ടം കൂടിയായി ഇത്തരം വേദികൾ ദീപിക ഉപയോഗിക്കുന്നതിനെയും ഡിഎഫ്ഒ അഭിനന്ദിച്ചു. കാലഘട്ടമേതായാലും പത്രവാർത്തകൾക്കും ദിനപത്രങ്ങൾ നൽകുന്ന സാമൂഹിക സന്ദേശങ്ങൾക്കും പ്രസക്തി നഷ്ടപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപിക ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) ഫാ. രഞ്ജിത് ആലുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. കോശി മണ്ണിൽ, പ്രിൻസിപ്പൽ ഡോ. സില്ല ഏബ്രഹാം, ഫാ. വർഗീസ് കോശി തെക്കേമണ്ണിൽ, ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ് ബിജു കുര്യൻ എന്നിവർ പ്രസംഗിച്ചു. സിറ്റഡൽ സ്കൂളിലെ കുട്ടികൾ ദേശഭക്തി ഗാനത്തോടൊപ്പം അവതരിപ്പിച്ച നൃത്തച്ചുവടുകളും ഏറെ മനോഹരമായി.
പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിനു കുട്ടികളാണ് ഇന്നലെ കളർ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. എൽകെജി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കളർ ഇന്ത്യ സീസൺ ഫോർ മത്സരം ഭാരതത്തിന്റെ 79 ാമത് സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായാണ് ക്രമീകരിച്ചത്.