“ചികിത്സ അവിടെയല്ല, ഇവിടെ’’ : രോഗിയെ തട്ടിക്കളിച്ച് ആശുപത്രികൾ
1582198
Friday, August 8, 2025 3:40 AM IST
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് എത്തിയ യുവാവിന് കോന്നി മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഴമുട്ടം സ്വദേശി അനന്തു ഭവനിൽ അനന്തുവിനാണ് (21) ചികിത്സ നിഷേധിച്ചത്.
കഴിഞ്ഞ ദിവസം മുള്ളനിക്കാടുണ്ടായ ബൈക്ക് അപകടത്തേ തുടർന്ന് അനന്തുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയക്കുകയും കാലിലെ ഒരു വിരൽ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
പിന്നീട് അനന്തുവിനെ വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെങ്കിലും അസൗകര്യങ്ങൾ കാരണം ചികിത്സ ലഭിക്കാതെ വന്നതോടെ കോന്നി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ കോന്നി മെഡിക്കൽ കോളജിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കൊണ്ടുപോകണം എന്നായിരുന്നു അധികൃതർ പറഞ്ഞതെന്നും അനന്തു പറഞ്ഞു. പിന്നീട് മാധ്യമങ്ങൾ ഇടപെട്ടതിനേതുടർന്ന് അനന്തുവിനെ കോന്നി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.